kullakada
കുളക്കട സാമൂഹികാരോഗ്യ കേന്ദ്രം

കുളക്കട സാമൂഹ്യാരോഗ്യ കേന്ദ്രം

01. ആരംഭിച്ചിട്ട്: 60 വർഷം

02.തുടക്കത്തിൽ പി.എച്ച്.സി

03. സി.എച്ച്.സി ആയിട്ട്: 9 വർഷം

04.ഡോക്ടർമാർ: 4

05.സ്ഥിരം ഡോക്ടർമാർ: 2

06.രോഗികൾ: 500ലധികം

കൊട്ടാരക്കര: അധികൃതരുടെ നിരന്തര അവഗണനയെ തുടർന്ന് കുളക്കട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ രോഗാവസ്ഥയിൽ. അറുപത് വർഷം മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രമായി ആരംഭിച്ച ആതുരാലയത്തോടാണ് ഈ ചിറ്റമ്മനയം. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കാത്തതുമാണ് ആശുപത്രിയെ വെന്റിലേറ്ററിൽ ആക്കിയത്.

ഏകദേശം ഒൻപത് വർഷങ്ങൾക്ക് മുമ്പ് സാമൂഹ്യ ആരോഗ്യകേന്ദ്രമായി ഉയർത്തിയ ഇവിടെ മികച്ച സൗകര്യങ്ങൾ ഒരുക്കാനുള്ള പശ്ചാത്തലമുണ്ട്. ദിവസവും അഞ്ഞൂറിലേറെ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. കുളക്കട,​ മൈലം, പവിത്രേശ്വരം, ഏനാദിമംഗലം, പട്ടാഴി, നെടുവത്തൂർ,​ കടമ്പനാട്,​ പുത്തൂർ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ഇതിൽ ഏറെയും. രണ്ട് ഏക്കറിലധികം വരുന്ന ഭൂമിയുള്ള ഇവിടെ ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സുകളും ഉണ്ട്. മുമ്പ് കിടത്തിച്ചികിത്സയും പ്രസവവും അടക്കം നടന്നിരുന്ന ആശുപത്രിയെ പിന്നീട് അധികൃതർ കൈവിടുകയായിരുന്നു.

ക്വാർട്ടേഴ്സുകളിൽ പലതും ഉപയോഗിക്കാതെ കിടക്കുന്നതിനാൽ നാശത്തിന്റെ വക്കിലാണ്. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് മറ്റൊരു പ്രശ്നം. നിലവിൽ അഞ്ഞൂറിലധികം വരുന്ന രോഗികളെ ചികിത്സിക്കാൻ രണ്ട് താത്കാലിക ഡോക്ടമാരടക്കം നാലുപേരാണുള്ളത്. ഇവരിൽ പലരും പലപ്പോഴും ലീവിലായിരിക്കും. ഇതോടെ ബാക്കിയുള്ളവരുടെ ജോലിഭാരം ഇരട്ടിയാകും. മറ്റ് ജീവനക്കാരുടെ എണ്ണവും രോഗികൾക്ക് ആനുപാതികമല്ല. കൂടുതൽ ജീവനക്കാരെ നിയമിച്ചാൽ മാത്രമേ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ കഴിയൂ എന്നിരിക്കെ ഇതിനുള്ള നടപടികൾ മാത്രം അകലെയാണ്. ആശുപത്രിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി സ്ഥലം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പത്തുലക്ഷം രൂപ അനുവദിച്ചെങ്കിലും വാട്ടർ അതോറിറ്റിയുടെ താൽപ്പര്യകുറവു മൂലം ഈ പദ്ധതിയും പൂർത്തിയായിട്ടില്ല.

നിർദ്ധനരായ ഗ്രാമീണരുടെ ആശ്രയവും അഭയവുമായ ഈ ആതുരാലയത്തിൽ അഞ്ഞൂറിലധികം പേരാണ് ദിവസേന എത്തുന്നത്. ഇവരെ പരിശോധിക്കുന്നതിന് ആവശ്യത്തിന് ഡോക്ട‌മാരില്ല. നിയമനം അടിയന്തരമായി നടത്തി രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കണം.

പൂവറ്റൂർ സുരേന്ദ്രൻ, പൊതുപ്രവർത്തകൻ.

ജീവനക്കാരുടെ ഭാഗത്തു നിന്നും നല്ല സഹകരണം ഉറപ്പാക്കണം, അവർ കൂടുതൽ സേവന മനസ്കരായാൽ മാത്രമെേ കുളക്കട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൻറെ സേവനം ജനങ്ങളിൽ എത്തിക്കാൻ കഴിയൂ.

വിനോദ്,​ ഗ്രാമപഞ്ചായത്തംഗം