കൊല്ലം: ദേശീയ ജൂനിയർ വനിതാ ഹോക്കി ഫൈനലിൽ ഇന്ന് ജാർഖണ്ഡും ഹരിയാനയും തമ്മിൽ ഏറ്റുമുട്ടും. ആശ്രാമം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ വൈകിട്ട് 3 മുതലാണ് കലാശപ്പോരാട്ടം.
ഇന്നലെ സഡൻ ഡെത്തോളം നീണ്ട ആദ്യ സെമിയിൽ ഉത്തർപ്രദേശിനെ പരാജയപ്പെടുത്തി ജാർഖണ്ഡ് ഫെെനലിൽ എത്തിയപ്പോൾ രണ്ടാം സെമിയിൽ മിസോറമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഹരിയാന വിജയികളായത്. ജാർഖണ്ഡിന് വേണ്ടി സുഷമകുമാരി രണ്ട് ഗോളും ( ഷൂട്ടൗട്ട്, സഡൻഡെത്ത്) ക്യാപ്ടൻ രേഷ്‌മ സൊറങ് ഒരു ഗോളും നേടി. മുഴുവൻ സമയം പിന്നിട്ടപ്പോൾ ഗോൾരഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും ഇരുടീമിനും വലകുലുക്കനായില്ല.
തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ അഞ്ചു അവസരങ്ങൾ ലഭിച്ച ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. തുടർന്ന് സഡൻ ഡെത്തിലൂടെ ലഭിച്ച അവസരം ജാർഖണ്ഡിന്റെ സുഷമ കുമാരി ഗോളാക്കി മാറ്റി വിജയം പിടിച്ചെടുക്കുകയായിരുന്നു. ഉത്തർപ്രദേശിന് വേണ്ടി പൂജ യാദവ്, പ്രിയങ്ക നിഷാദ് എന്നിവരാ്ണ് ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടത്.
മറ്രൊരു സെമിയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെ മിസോറം നേടിയ ഗോൾ റഫറി അസാധു ആക്കിയതോടെയാണ് ഹരിയാന വിജയികളായത്. മിസോറം താരം നേടിയ ഗോൾ കാൽ തട്ടിയാണ് വലയിലെത്തിതെന്നായിരുന്നു റഫറിയുടെ വിധി. ഇതേച്ചൊല്ലി പ്രതിഷേധവുമുണ്ടായി. ഉത്തർപ്രദേശും മിസോറമും തമ്മിലുള്ള ലൂസേഴ്‌സ് ഫൈനൽ ഇന്ന് രാവിലെ 7.30ന് നടക്കും.