പൂതക്കുളം: നിർമ്മാണത്തിലിരുന്ന പുതിയ പാലത്തിന്റെ പണി പാതിവഴിയിൽ ഉപേക്ഷിച്ച് അധികൃതർ മടങ്ങി. വേപ്പാലുംമൂടിന് സമീപം കിഴക്കേവീട്ടിൽ റോഡുമായി ബന്ധിച്ച് കിടക്കുന്ന പുനവൂർ ഏലാ പാലമാണ് നിർമ്മാണം തുടങ്ങിയ ശേഷം നിറുത്തി വച്ചത്.
ഏകദേശം നൂറ് വർഷത്തിലധികം പഴക്കമേറിയ പഴയ പാലത്തിന് ബലക്ഷയമുണ്ടായതിനെ തുടർന്നാണ് പൂതക്കുളം ഗ്രാമപഞ്ചായത്ത് പുതിയ പാലം നിർമിക്കാൻ തീരുമാനമെടുത്തത്. എന്നാൽ നിലവാരം കുറഞ്ഞ കമ്പികൾ ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ ഉപകരണങ്ങൾ നീക്കം ചെയ്ത് ഒരുമാസം മുമ്പ് ആരംഭിച്ച പാലത്തിന്റെ പണി നിറുത്തി വയ്ക്കുകയായിരുന്നു.
പഴയ പാലത്തെക്കാൾ വീതി കുറച്ചാണ് പുതിയ പാലത്തിന്റെ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് പാലം ഉൾപ്പെടുന്ന റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. അതിന് പിന്നാലെയാണ് പാലത്തിന്റെ പണിയാരംഭിച്ചത്.
വേപ്പാലുംമൂട്ടിൽ നിന്ന് പുത്തൻകുളം, പാരിപ്പള്ളി പ്രദേശങ്ങളിലേക്ക് പോകാനുള്ള എളുപ്പ വഴിയാണ് പാലത്തിന്റെ പണിക്കായി മുറിച്ചിട്ടിരിക്കുന്നത്. ഇതുവഴി നൂറ് മീറ്റർ മാത്രം നടന്നാൽ പാരിപ്പള്ളി ജംഗ്ഷനിലെത്തും. എന്നാലിപ്പോൾ മൂന്ന് കിലോമീറ്ററോളം നടന്ന് വേണം പോകാൻ. റോഡ് കുഴിച്ചപ്പോൾ സമീപത്തെ വീടുകളിലേക്കുള്ള പൊതു പൈപ്പുകൾ പൊട്ടിയതിനാൽ പ്രദേശത്തെ ജലവിതരണവും മുടങ്ങി. പാലത്തിന് താഴെയായി ഒഴുകുന്ന തോടിലെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയാണ് പാലത്തിന്റ നിർമ്മാണം ആരംഭിച്ചത്. പ്രദേശത്തെ നിരവധി കർഷകർ കൃഷിക്കായി ഉപയോഗിച്ചിരുന്നത് ഈ തോടിലെ വെള്ളമായിരുന്നു.
പാലം നിർമ്മാണത്തിലെ ക്രമക്കേടുകൾ നാട്ടുകാർ ചേർന്ന് പഞ്ചായത്തിനെ ധരിപ്പിച്ചെങ്കിലും പണി ഉടനെ പൂർത്തിയാകുമെന്ന് മാത്രമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ മറുപടി. കുട്ടികളുൾപ്പെടെ നിരവധിപേരുടെ ആശ്രയമായ പാലം ഗുണനിലവാരമുള്ള സാമഗ്രികളുപയോഗിച്ച് ഉടൻ നിർമ്മാണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.