10-feb
ദേശിയ പാത റീ ടാർ ചെയ്തതിനെ തുടർന്ന് റോഡ്‌ സൈഡിൽ ഉണ്ടായ കുഴി

എഴുകോൺ: കൊല്ലം-തിരുമംഗലം ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡരികുകൾ മണ്ണിട്ട് നികത്തുന്ന ജോലികൾ നിലച്ചു. റീ ടാർ ചെയ്തതിന് ശേഷം റോഡും പാതയോരവും തമ്മിൽ ഏകദേശം രണ്ടടിയോളം വ്യത്യാസമുണ്ട്. ഇത് നികത്തുന്നതാണ് മണ്ണിന്റെ ദൗർലഭ്യം കാരണം നിലച്ചത്.

ഉയരവ്യത്യാസം കാരണം ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അടക്കമുള്ള ചെറിയ വാഹനങ്ങൾ പലയിടത്തും അപകടത്തിൽപ്പെടുന്നുണ്ട്. ഇത് മറികടക്കുന്നതിന് റീ ടാറിംഗിനോടൊപ്പം തന്നെ റോഡരികുകളും മണ്ണിട്ട് ഉയർത്താനാണ് (ഷോൾഡർ ഫില്ലിംഗ്) ദേശീയപാത അതോറിറ്റി ശ്രമിച്ചത്. എന്നാൽ മണ്ണ് ലഭിക്കാതായതോടെ ഇത് മുടങ്ങുകയായിരുന്നു.

എഴുകോൺ അമ്പലത്തുംകാല പാൽ സൊസൈറ്റി മുതൽ തെന്മല വരെ ദേശീയപാത അതോറിറ്റി പുനലൂർ ഡിവിഷന്റെയും അമ്പലത്തുംകാല മുതൽ ചിന്നക്കട വരെ കൊല്ലം ഡിവിഷന്റെയും പരിധിയിലാണ്. പുനലൂർ ഡിവിഷന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിലെ നവീകരണം ഏറെക്കുറെ പൂർത്തിയായി. കൊല്ലം ഡിവിഷന്റെ പരിധിയിൽ കുണ്ടറ പള്ളിമുക്ക് വരെ ഉള്ള ഭാഗത്താണ് ടാറിംഗിന് ശേഷമുള്ള ജോലികൾ നിലച്ചത്. ഇവിടങ്ങളിലെല്ലാം റോഡുമായുള്ള ഉയരവ്യത്യാസം കാരണം വാഹനങ്ങൾ സൈഡിലേക്ക് ഇറക്കാനും തിരികെ റോഡിൽ കയറാനും നന്നേ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നതും പതിവായി.

അമൃതം കുടിവെള്ള പദ്ധതിലുൾപ്പെടുത്തി കേരളപുരത്ത് പൈപ്പ് സ്ഥാപിച്ചതിന്റെ ഭാഗമായി ലഭിച്ച മണ്ണ് ഷോൾഡർ ഫില്ലിംഗിന് ഉപയോഗിക്കാമായിരുന്നു. സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുടെ മുന്നിൽ മണ്ണിട്ട് ഉയർത്താൻ വേണ്ടി മണ്ണ് എടുക്കാൻ എത്തിയ ദേശീയപാത അധികൃതരെ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മണ്ണിന്റെ ദൗർലഭ്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ പണി ആരംഭിക്കുമെന്നും ദേശീയപാത അധികൃതർ പറയുന്നത്.