national-junior-womens-a-
NATIONAL JUNIOR WOMENS A DIVISION HOCKEY CHAMPIONSHIP

കൊല്ലം: ഒമ്പതാമത് ദേശീയ ജൂനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ഹരിയാനയെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യൻമാരായ ജാർഖണ്ഡ് കിരീടം നിലനിറുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജാർഖണ്ഡിന്റെ ജയം.
മത്സരം തുടങ്ങി ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടിയില്ല. തുടർന്ന് ഹരിയാനയ്‌ക്ക് ആദ്യ പ്രഹരം നൽകി 31-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണറിലൂടെ ജാർഖണ്ഡ് ആദ്യ ഗോൾ നേടി. വൈകാതെ 39-ാം മിനിറ്റിൽ അടുത്ത ഗോളും നേടി മത്സരം വരുതിയിലാക്കാൻ ജാർഖണ്ഡിന് കഴിഞ്ഞു. ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരത്തിൽ ജാർഖണ്ഡിന് വേണ്ടി ക്യാപ്റ്റൻ രേഷ്മ സോറങ്, പ്രിയ ദുങ്ദുങ് എന്നിവർ ഗോളുകൾ നേടിയപ്പോൾ റണ്ണറപ്പായ ഹരിയാനക്ക് വേണ്ടി ചേതന ആശ്വാസ ഗോൾ നേടി. നാൽപത്തി നാലാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെയാണ് ഹരിയാന ഗോൾ മടക്കിയത്. മത്സരത്തിന്റെ അവസാന മിനിറ്റിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ഹരിയാന താരങ്ങൾക്കായില്ല.

രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മിസോറാം ഉത്തർപ്രദേശിനെ കീഴടക്കി. മിസോറാമിന് വേണ്ടി ലാൽറിൻഫെലി, ലലോംപുലി എന്നിവർ ഗോളുകൾ നേടി.