photo
മുണ്ടയ്ക്കൽ കച്ചിക്കടവ് കടത്ത് സർവീസ്

കൊല്ലം: മുണ്ടയ്ക്കൽ കച്ചിക്കടവ് പാലമെന്ന നാടിന്റെ സ്വപ്നത്തിന് ചിറക് മുളയ്ക്കുന്നു. സംസ്ഥാന ബഡ്‌ജറ്റിൽ ഇടം നേടിയതോടെ കാലതാമസമില്ലാതെ പാലം യാഥാർത്ഥ്യമാകുമെന്നാണ് നാടിന്റെ പ്രതീക്ഷ.

കൊല്ലം തോട് കടക്കാൻ കച്ചിക്കടവ് ഭാഗത്ത് കാലങ്ങളായി കടത്തുവള്ളം മാത്രമാണുള്ളത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് കടത്ത് സർവീസ് ഉള്ളത്. മഴക്കാലത്ത് കടത്തുവള്ളത്തിലെ യാത്ര ബുദ്ധിമുട്ടാണ്. വാഹനങ്ങളിൽ അപ്പുറമെത്തണമെങ്കിൽ രണ്ട് കിലോ മീറ്ററോളം അധികം യാത്ര ചെയ്യണം.

ദേശീയപാതയിൽ പോളയത്തോട് നിന്ന് തുടങ്ങുന്ന റോഡ് കച്ചിക്കടവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിലെ കടവ് വരെയുണ്ട്.കഷ്ടിച്ച് 40 മീറ്റർ നീളമുള്ള പാലം നിർമ്മിച്ചാൽ ഇവിടത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും. നൂറ്റമ്പത് മീറ്റർ റോ‌ഡ് കൂടി നിർമ്മിച്ചാൽ പാലത്തെ തീരദേശ റോഡുമായി ബന്ധിപ്പിക്കാനും കഴിയും. പാലം നിർമ്മിക്കുന്നതോടെ മുണ്ടയ്ക്കൽ നിന്ന് കൊല്ലം തോടിന്റെ ഇരുവശങ്ങളിലൂടെ സമാന്തരമായി പോകുന്ന രണ്ട് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കാനുമാകും.

നാടിന്റെ യാത്രാദുരിതത്തെക്കുറിച്ച് കഴിഞ്ഞ ഒക്ടോബർ 5ന് 'കച്ചിക്കടവ് പാലമിപ്പോഴും സ്വപ്നങ്ങളിൽ' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയെ തുടർന്ന് വിഷയം ചർച്ചയാവുകയും എം. നൗഷാദ് എം.എൽ.എ ഇടപെട്ട് ബഡ്‌ജറ്റിൽ ഉൾക്കൊള്ളിക്കുകയുമായിരുന്നു.

പ്രഖ്യാപനം വാക്കുകളിലൊതുങ്ങി

കൊല്ലം തോട് നവീകരിക്കുമ്പോൾ കച്ചിക്കടവ് പാലം നിർമ്മിക്കുമെന്നായിരുന്നു അധികൃതർ മുമ്പ് നൽകിയ വാഗ്ദാനം. എന്നാൽ തോട് നവീകരണം നടന്നതുമില്ല, പാലത്തിന്റെ കാര്യം അധികൃതർ മറക്കുകയും ചെയ്തു. പിന്നെയും പലതവണ ഇവിടെ പാലം നിർമ്മിക്കുമെന്ന വാഗ്ദാനവുമായി ജനപ്രതിനിധികളെത്തി. പ്രതീക്ഷയോടെ കാത്തിരുന്നവർ നിരാശരായെന്നുമാത്രം. എന്നാൽ സംസ്ഥാന ബഡ്‌ജറ്റിൽ ഉൾപ്പെട്ടതോടെ പാലം യാഥാർത്ഥ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

സാഹസിക യാത്ര

കച്ചിക്കടവിൽ കടത്ത് സർവീസ് ഉണ്ടെങ്കിലും എപ്പോഴും ഗുണം ചെയ്യാറില്ല. വൈകിട്ട് 6 മണികഴിഞ്ഞാൽ കടത്ത് സർവീസ് നിലയ്ക്കും. പകൽസമയങ്ങളിലും കടത്തുകാരനില്ലാത്തപ്പോൾ അക്കരെ ഇക്കരെ കടക്കുന്നത് സാഹസികമായിട്ടാണ്. വള്ളത്തിൽ കെട്ടിയ കയറിൽ വലിച്ചാണ് അക്കരയ്ക്ക് പോകേണ്ടത്. കുട്ടികൾ ഉൾപ്പടെ അപകടം പിടിച്ച ഈ രീതിയാണ് പിന്തുടരുന്നത്.

ഡി.പി.ആർ തയ്യാറാക്കി നൽകണം

ബഡ്‌ജറ്റിൽ കച്ചിക്കടവ് പാലം ഉൾപ്പെട്ടിട്ടുണ്ട്. ഇനി ഡീറ്റെയ്ൽഡ് പ്ളാനിംഗ് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കി നൽകണം. ഡി.പി.ആർ അംഗീകരിച്ചാൽ തുക അനുവദിക്കും. ഇതോടെ കച്ചിക്കടവ് പാലമെന്ന നാടിന്റെ ഏറെ നാളത്തെ ആവശ്യം നിറവേറും.

എം. നൗഷാദ് എം.എൽ.എ

കച്ചിക്കടവ് പാലം ഇനിയും വൈകരുത്

കച്ചിക്കടവ് പാലം യാഥാർത്ഥ്യമായാൽ നാടിന്റെ വികസനത്തിന് വലിയ തോതിൽ ഗുണം ചെയ്യും. ഇവിടെ നിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് തോമസ് സ്റ്റീഫൻ ആൻഡ് കമ്പനിയും എച്ച്.ആൻഡ്.സിയും പ്രവർത്തനം മാറ്റിയത് യാത്രാബുദ്ധിമുട്ടുകളുടെ പേരിലാണ്. പാലം നിർമ്മിച്ച് തീരദേശ റോഡുമായി ബന്ധിപ്പിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ. പാലം ഇനിയും വൈകിപ്പിക്കരുത്.

മുണ്ടയ്ക്കൽ വികസന സമിതി