photo

കരുനാഗപ്പള്ളി: വെള്ളനാതുരുത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്നു സ്കൂൾ വിദ്യാർത്ഥികളിൽ രണ്ടു പേർ മുങ്ങി മരിച്ചു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. പണ്ടാരതുരുത്ത് കുന്നുംപുറത്ത് മത്സ്യത്തൊഴിലാളിയായ ബേബിയുടെയും ദീപയുടെയും മകൻ അഭിഷേക് (14), ഐ.ആർ.ഇ സിവിൽ ഫോറം തൊഴിലാളി പണ്ടാരതുരുത്ത് കായൽ വാരത്ത് അഭയചന്ദ്രന്റെയും ഷെർളിയുടെയും മകൻ അഭീഷ് ചന്ദ്രൻ (14) എന്നിവരാണ് മരിച്ചത്. പണ്ടാരതുരുത്ത് സ്വദേശി ദ്വാരകനാഥിനെ (14) നാട്ടുകാർ രക്ഷപ്പെടുത്തി.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു ദുരന്തം.

രാവിലെ ഒൻപതരയോടെ ഇരുപത്തിയഞ്ചോളം കുട്ടികൾ സ്കൂളിൽ നിന്ന് നാലര കിലാേമീറ്റർ അകലെയുള്ള ബീച്ചിൽ എത്തുകയായിരുന്നു. ദുരന്തത്തിനിരയായ വിദ്യാർത്ഥികളുടെ വീടുകൾ ഈ പ്രദേശത്താണ്.

അപകടസാദ്ധ്യത മനസിലാക്കിയ നാട്ടുകാർ കുട്ടികളെ വിരട്ടി ഓടിച്ചിരുന്നു. എന്നാൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരും തിരയിൽപ്പെടുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് മത്സ്യത്തൊഴിലാളികൾ ഓടിയെത്തിയെങ്കിലും ദ്വാരകനാഥിനെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു.

ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും നടത്തിയ തെരച്ചിലിൽ ഉച്ചക്ക് 1.30 മണിയോടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു.