sndp
പുനലൂർ യൂണിയനിലെ കലയനാട് ഗുരുദേവ ക്ഷേത്രത്തിന് മുന്നിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് പണം കവർന്ന നിലയിൽ

കിഴക്കൻമലയോര മേഖലയിൽ അമ്പലങ്ങൾ കേന്ദ്രീകരിച്ച് മോഷണം

പ്രതികളെക്കുറിച്ച് സൂചനയില്ലാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം 3307-ാം നമ്പർ കലയനാട് ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാക്കൾ 3000ത്തോളം രൂപ അപഹരിച്ചു. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് സംശയം. കൊല്ലം -തിരുമംഗലം ദേശീയപാതയോരത്തെ കലയനാട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിലെ ഗേറ്റിന് മുകളിലൂടെയാണ് മോഷ്ടാക്കൾ അകത്തുകടന്നത്.

രാവിലെ പൂജയ്ക്കായി എത്തിയ ശാന്തിക്കാരനാണ് സംഭവം ആദ്യമറിയുന്നത്. തുടർന്ന് ശാഖാ പ്രസിഡന്റ് ഗീത തുളസി, സെക്രട്ടറി ഉഷ അശോകൻ തുടങ്ങിയവർ പുനലൂർ പൊലീസിൽ പരാതി നൽകി. സമീപത്തെ വ്യാപാരസ്ഥാപനത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളിൽ ഗുരുക്ഷേത്രത്തിന് മുന്നിൽ രാത്രി ഒരു യുവാവ് നിൽക്കുന്നത് പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്ന് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, സെക്രട്ടറി ആർ. ഹരിദാസ്, യോഗം കൗൺസിലർ വനജാ വിദ്യാധരൻ എന്നിവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കിഴക്കൻമേഖലയിലെ നിരവധി ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണങ്ങൾ നടന്നിരുന്നു. തെന്മല മാരിയമ്മൻ കോവിൽ, ഒറ്റക്കൽ പാലക്കര മുരുകക്ഷേത്രം, ഇടമൺ-34 മാടൻകാവ് മഹാദേവക്ഷേത്രം, ഇടമൺ ശ്രീഷണ്മുഖ ക്ഷേത്രം, പുനലൂർ നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവ ക്ഷേത്രം എന്നിവയാണ് മോഷണം നടന്ന പ്രധാന സ്ഥലങ്ങൾ. കഴിഞ്ഞ മാസം പുനലൂർ നഗരസഭയിലെ ക്ഷേത്രഗിരിയിലെ വീട്ടിൽ നിന്ന് 57 പവൻ സ്വർണ്ണവും പണവും കവർന്നിരുന്നു. മൂന്ന് മാസം മുമ്പ് അടുക്കള മൂലയിലെ ഒരു വീട്ടിൽ നിന്ന് 27 പവൻ സ്വർണ്ണവും 1.75ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. മോഷണം നിത്യസംഭവമായിട്ടും ഒരു പ്രതിയെപ്പോലും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസെടുത്ത ശേഷം തുടരന്വേഷണം ഉണ്ടാകാത്തതാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.