കൊല്ലം: ബീച്ച് റോഡിൽ പണിനടക്കുന്ന കെട്ടിടത്തിന്റെ ആവശ്യങ്ങൾക്കായി എത്തിച്ച ഫ്ലോർ ടൈലുകൾ ലോറിയിൽ നിന്നിറക്കാൻ ചുമട്ട് തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടതായി പരാതി. ഇന്നലെ രാവിലെ എട്ടിന് എറണാകുളത്ത് നിന്ന് കൊണ്ടുവന്ന ഒരു ലോഡ് ടൈൽ തർക്കത്തെ തുടർന്ന് രാത്രിയിലും വാഹനത്തിൽ നിന്നിറക്കാനായില്ല.
ഒരു പെട്ടി ടൈൽ ഇറക്കാൻ 28 രൂപയാണ് സർക്കാർ നിശ്ചയിച്ച നിരക്കെങ്കിലും തൊഴിലാളികൾ 100 രൂപ ആവശ്യപ്പെട്ടെന്നാണ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതലയുള്ളവർ പറയുന്നത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നിർമ്മാണം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ലേബർ ഓഫീസർക്കും പൊലീസിനും പരാതി നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനായില്ല. കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളെ ഉപയോഗിച്ച് ലോഡിറക്കാനുള്ള നീക്കവും ഇവർ തടഞ്ഞു. ഇതോടെ കെട്ടിടത്തിൽ ടെെൽ ഉപയോഗിച്ച് ഇന്നലെ നടത്തേണ്ടിയിരുന്ന നിർമ്മാണ ജോലികൾ മുടങ്ങി. ഇന്ന് പൊലീസിന്റെയും തൊഴിൽ വകുപ്പിന്റെയും ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ലോഡുമായി കൊച്ചി ഇടപ്പള്ളിയിൽ നിന്നെത്തിയ വാഹനം തിരിച്ചയയ്ക്കാൻ വൈകുന്നതിനനുസരിച്ച് വാഹന വാടകയും കൂടും.