vender
വെണ്ടർമുക്കിൽ അനധികൃത ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലത്ത് നഗരസഭാ ആരോഗ്യ വിഭാഗം വേലികെട്ടി തിരിച്ചിരിക്കുന്നു

കൊല്ലം: മാടൻനടയ്ക്കും പള്ളിമുക്കിനും ഇടയിൽ വെണ്ടർമുക്കിൽ ദേശീയപാതയോരത്ത് മാസങ്ങളായി പ്രവർത്തിച്ചുവന്ന അനധികൃത ചന്ത നഗരസഭാ ആരോഗ്യ വിഭാഗം ഒഴിപ്പിച്ചു. രൂക്ഷമായ മാലിന്യ പ്രശ്നത്തോടൊപ്പം തുടർച്ചയായ ഗതാഗത കുരുക്കും ഉയർന്ന സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി.

ആദ്യം മത്സ്യക്കച്ചവടം മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പിന്നീട് പച്ചക്കറി വിൽപ്പനക്കാരും മറ്റ് ചെറുകിട കച്ചവടക്കാരും ഇവിടെ സജീവമായി. വൈകിട്ട് നാല് മണിയോടെ തുടങ്ങുന്ന കച്ചവടം സന്ധ്യയാകുന്നതോടെ പൊടിപൊടിക്കും. രാത്രി വൈകും വരെ കച്ചവടം തുടരും. സാധനങ്ങൾ വാങ്ങാനെത്തുന്നവർ റോഡ് വക്കിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗത കുരുക്കും അപകടങ്ങളും നിത്യസംഭവമായി. ഇതിന് പുറമെ വിറ്റുപോകാത്ത മത്സ്യങ്ങളും പച്ചക്കറികളും റോഡ് വക്കിൽ തന്നെ ഉപേക്ഷിച്ചാണ് കച്ചവടക്കാർ മടങ്ങിയിരുന്നത്.

ഇന്നലെ സ്ഥലത്തെത്തിയ ആരോഗ്യ വിഭാഗം കച്ചവടക്കാരെ ഒഴിപ്പിച്ചതിന് പുറമെ സ്ഥലം വേലികെട്ടി തിരിക്കുകയും ചെയ്തു. വടക്കേവിള സോണൽ ഹെൽത്ത് ഇൻസ്പെക്ടർ ജി. സാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാലകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ഇരവിപുരം പൊലീസും സ്ഥലത്തെത്തിയിരുന്നു.