d
മുക്കുന്നം വാലുപച്ചയിൽ തീപിടുത്തത്തിൽ കത്തിനശിച്ച തടിമിൽ

കടയ്ക്കൽ: കടയ്ക്കൽ മൂക്കുന്നത്തിനു സമീപം വാലുപച്ചയിൽ തടിമില്ലിൽ വൻ തീപിടിത്തം. തടിയും തടി ഉരുപ്പടികളും മെഷിനറികളും കെട്ടിടവും കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 4.30ഓടെ ആയിരുന്നു അപകടം. കെ.പി ഹൗസിൽ മുഹമ്മദ് യൂസഫിന്റെ ഉടമസ്ഥതയിലുള്ള സാമില്ലാണ് കത്തി നശിച്ചത്. വൈകിട്ട് 3.30 ന് ശേഷം തൊഴിലാളികൾ പുറത്തുപോയി ഒരു മണിക്കൂർ കഴിഞ്ഞ ശേഷമാണ് തീപിടിച്ചത്.

തടി അറുത്ത് ഉരുപ്പടികളാക്കി കൊടുക്കുന്ന വിലപിടിപ്പുള്ള ആധുനിക യന്ത്രസാമഗ്രികളും മില്ലിനോട് ചേർന്ന് കിടന്ന തടിഉരുപ്പടികളും കത്തിനശിച്ചു. കടയ്ക്കൽ ഫയർസ്റ്റേഷനിലുള്ള രണ്ട് യൂണിറ്റുകളും സ്ഥലത്ത് ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. വെഞ്ഞാറമൂട്ടിൽ നിന്ന് എത്തിയ അഗ്നിശമന സേനയും അതിനുശേഷം കടയ്ക്കലിൽ നിന്നെത്തിയ ഒരു യൂണിറ്റും രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീകെടുത്തിയത്. 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.