കൊല്ലം: കാൻസർ രോഗികൾക്കെന്ന പേരിൽ, സന്നദ്ധരാവുന്നവരിൽ നിന്ന് മുടി മുറിച്ച് വിഗ്ഗാക്കി നൽകുന്നതിൽ തട്ടിപ്പ് നടക്കുന്നതായി ആക്ഷേപം. കാൻസർ രോഗികളെ സഹായിക്കാൻ ആത്മാർത്ഥമായി രംഗത്തുവരുന്ന ചില സംഘടനകളെയടക്കം വഞ്ചിച്ച് ഇടനിലക്കാർ മുഖേന ചില വിഗ്ഗ് കമ്പനികൾ കോടികൾ കൊയ്യുന്നു എന്നാണ് ആരോപണം. മുടക്കുമുതൽ ഇല്ലാതെ ലാഭം കൊയ്യാവുന്ന വ്യവസായമായി ഇത് മാറിയതോടെ ഇടനിലക്കാരും സജീവമായി.
കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിച്ച് സൗജന്യമായി നൽകാനെന്ന പേരിലാണ് മുടി ശേഖരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച് ചർച്ച സജീവമായതോടെ 'ഫ്ളാഷ്' ഇതേക്കുറിച്ച് അന്വേഷണം നടത്തി. എന്നാൽ, ആത്മാർത്ഥമായി ഇതിനായി പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും ധാരാളമുണ്ട്.
ശേഖരിക്കുന്ന മുടി ചെന്നൈയിലെ ചില കമ്പനികൾക്കാണ് ഇടനിലക്കാർ കൈമാറുന്നതെന്നാണ് വിവരം. ഇതിൽ നല്ല മുടി നോക്കി വിഗ്ഗ് നിർമിച്ചശേഷം വിൽക്കുകയാണ് ചില കമ്പനികൾ ചെയ്യുന്നതത്രേ. ശേഷിക്കുന്ന കരുത്തും നീളവുമില്ലാത്ത മുടി ഉപയോഗിച്ചാണ് രോഗികൾക്കായി സൗജന്യമായി വിഗ്ഗ് നിർമിക്കുന്നത്. ഇതിന് ഗുണനിലവാരം കുറവായിരിക്കും.
ദാനം കിട്ടിയ മുടിയിൽ നിന്ന് നിർമിക്കുന്ന വിഗ്ഗുകൾ സംസ്ഥാനത്തെ കാൻസർ ചികിത്സയുള്ള ചില ആശുപത്രികൾക്ക് വിതരണം ചെയ്യുന്നു എന്നാണ് ഇടനിലക്കാരുടെ അവകാശവാദം. എന്നാൽ അടുത്ത കാലത്തൊന്നും വിഗ്ഗ് വിതരണം നടന്നിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. അതോടെയാണ് ഇത് തട്ടിപ്പാണെന്ന സംശയം ഉയരുന്നത്.
ഏകദേശം 30 മുതൽ 40 സെന്റീ മീറ്റർവരെ നീളമുള്ള മുടി ഉപയോഗിച്ച് മാത്രമേ സ്ത്രീകൾക്കുള്ള വിഗ്ഗ് നിർമ്മിക്കാൻ സാധിക്കൂ. കീമോതെറാപ്പി കഴിഞ്ഞ് മുടി നഷ്ടപ്പെട്ടവർക്കുള്ള ഒരു വിഗ്ഗിന് 20,000 മുതൽ 30,000 രൂപ വിപണിയിൽ വിലയുണ്ട്. ആർട്ടിഫിഷ്യൽ വിഗ്ഗിന് 5000 രൂപയാണ് വില.
ജെസ്നപറയുന്നു, മുടിയല്ല ആവശ്യം
രണ്ടുവട്ടം കാൻസർ പിടിപ്പെട്ട് ഇപ്പോഴും ചികിത്സയിൽ കഴിയുന്ന കോട്ടയം സ്വദേശിനി ജെസ്ന ഇമ്മാനുവേൽ എന്ന ഇരുപത്തിമൂന്നുകാരി പറയുന്നു, കേരളത്തിലെ 80 ശതമാനം കാൻസർ രോഗികൾക്കും വിഗ്ഗ് ആവശ്യമില്ലെന്ന്. ചികിത്സയ്ക്കിടെ മുടി പോകുന്നത് സ്വാഭാവികം. ചികിത്സാസമയത്ത് മുടി ഇല്ലാത്തതാണ് നല്ലത്. എനിക്ക് ആദ്യം രോഗം വന്നപ്പോൾ തിരുവനന്തപുരം ആ.സി.സിയിലായിരുന്നു ചികിത്സ. ഇപ്പോൾ എറണാകുളം വൈറ്റിലയിലേക്ക് മാറി. വളരെ കുറച്ച് പേർ മാത്രമേ വിഗ്ഗ് ഉപയോഗിക്കാറുള്ളു. രോഗത്തിന്റെ വിഷമതകൾക്കിടയിൽ എന്തിനാണ് വിഗ്ഗ്? പലർക്കും മരുന്ന് വാങ്ങാൻ പോലും പണം തികയുന്നില്ല, ആർക്കും വിഗ്ഗ് സൗജന്യമായി കിട്ടിയതായി കേട്ടിട്ടില്ല. രോഗികൾക്ക് വേണ്ടത് വിഗ്ഗല്ല, ചികിത്സയാണ്, ചികിത്സയ്ക്കുള്ള പണമാണ്.
ഡോ.വി.പി.ഗംഗാധരൻ, കാൻസർ രോഗ വിദഗ്ദ്ധൻ
''ചികിത്സാസമയത്താണ് മുടി കൊഴിയുന്നത്. രോഗം മാറുന്നതോടെ മുടി വളരാൻ തുടങ്ങും. ഈ ഇടവേളയിൽ ചില രോഗികൾ വിഗ്ഗ് ഉപയോഗിക്കാറുണ്ട്. എന്നാൽ എന്റെ അനുഭവത്തിൽ ഭൂരിപക്ഷവും വിഗ്ഗ് വയ്ക്കാൻ ആഗ്രഹിക്കാത്തവരാണ്. നമ്മുടെ കാലാവസ്ഥയാണ് ഇതിന് കാരണം. ചൂടുള്ളപ്പോൾ വിഗ്ഗിന്റെ ചൂടുംകൂടി സഹിക്കാൻ കഴിയില്ല. കൂടാതെ മറ്റൊരാളുടെ മുടി വയ്ക്കാൻ ഇഷ്ടപ്പെടാത്തവരുമുണ്ട്. അഥവാ വിഗ്ഗ് വയ്ക്കണമെന്ന് തോന്നുന്നവർ സ്വന്തം മുടി തന്നെയാണ് വിഗ്ഗായി കിട്ടാൻ ആഗ്രഹിക്കുന്നത്. മുടി ദാനം ചെയ്യുന്നവർ രോഗികൾക്ക് അവരുടെ സ്വന്തം മുടി വിഗ്ഗാക്കാൻ സൗകര്യമൊരുക്കി കൊടുക്കുകയാണ് വേണ്ടത്. മുടി ഡൊണേഷൻ ഏറ്റെടുത്തിരിക്കുന്ന കമ്പനികൾ രോഗികളുടെ സ്വന്തം മുടികൊണ്ട് വിഗ്ഗ് ഉണ്ടാക്കാൻ രംഗത്ത് വരണം.