പുനലൂർ:നവീകരണ ജോലികൾ പൂർത്തിയാക്കി രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും ടൂറിസം മേഖലയിൽപ്പെട്ട തെന്മല ഡാം റോഡിലെ ഒന്നാം വളവും, രണ്ടാം വളവും വീണ്ടും അപകടക്കെണിയായി മാറി. ചെങ്കോട്ട-തിരുവനന്തപുരം പാതയിൽ
കൊക്കയോടു ചേർന്നതാണ് ഈ രണ്ട് വളവുകൾ. അപകട സാധ്യത ഏറെയുള്ളതിനാൽ പാർശ്വഭിത്തികൾ കെട്ടിയിരുന്നു. നിരവധി തവണ ചരക്ക് ലോറികൾ ഇടിച്ച് തകർത്ത പാർശ്വ ഭിത്തികൾ രണ്ടു മാസം മുമ്പ് വീണ്ടും കെട്ടി ഉയർത്തിയിരുന്നു. എന്നാൽ തമിഴ്നാട്ടിൽ നിന്നു വരുന്ന ചരക്കു ലോറികൾ പാർശ്വഭിത്തികളും തകർത്ത് കൊക്കയിലേക്ക് മറിയുകയാണ്. തെന്മല ഭാഗത്ത് നിന്നു കുത്തിറക്കം ഇറങ്ങി വരുന്ന ചരക്ക് ലോറികൾ കൊടുംവളവിൽ എത്തുമ്പോൾ തിരിയാൻ കഴിയാതെ വരുമ്പോഴാണ് പാർശ്വഭിത്തിയിൽ ഇടിച്ച് 200 അടിയോളം താഴ്ചയുളള കൊക്കയിലേക്ക് മറിയുന്നത് രണ്ടു മാസം മുമ്പ് തകർന്ന പാർശ്വഭിത്തികൾ പുനർ നിർമ്മിച്ചതിനൊപ്പം രണ്ടു വളവുകളിലെയും റോഡിൽ ഇന്റർ ലോക്ക് കട്ടകൾ പാകി ബലപ്പെടുത്തിയിരുന്നു. എന്നാൽ പാർശ്വഭിത്തി ഇടിഞ്ഞ് പോകുന്നതിനൊപ്പം ഇന്റർലോക്ക് കട്ടകളും ഇളകി മാറിയതോടെ അപകട സാധ്യത ഇരട്ടിച്ചു.ചരക്ക് ലോറികൾക്ക് പുറമെ, കെ.എസ്.ആർ.ടി.സി. ബസുകളും തെന്മല ഇക്കോ ടൂറിസം മേഖല സന്ദർശിക്കാൻ എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളും അടക്കം ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന അന്തർ സംസ്ഥാന പാതയിലാണ് അപകടം പതിയിരിക്കുന്നത്. കരിങ്കൽ ഉപയോഗിച്ചുളള പാർശ്വഭിത്തിക്കു പകരം കോൺക്രീറ്റ് ഭിത്തി പണിതാൽ അപകടസാധ്യത കുറയുമെന്നാണ് നാട്ടുകാർ പറയുന്നത്.