photo
ചാത്തിനാംകുളം അംബേദ്കർ കോളനിയിലെ അംഗൻവാടിയ്ക്കും സാംസ്കാരിക നിലയത്തിനുമായി നിർമ്മിച്ച കെട്ടിടം

അംഗൻവാടി പ്രവർ‌ത്തിക്കുന്നത് സ്വകാര്യ വ്യക്തിയുടെ വസതിയിൽ

വൈദ്യുതീകരണം പൂർത്തിയാക്കാൻ അടിയന്തര നടപടി വേണം

കൊല്ലം: സ്വന്തം കെട്ടിടമൊരുങ്ങിയിട്ടും ചാത്തിനാംകുളം അംബേദ്കർ കോളനിയിലെ അംഗൻവാടിക്ക് ശാപമോക്ഷമില്ല. വൈദ്യുതീകരണ പൂർത്തിയാകാത്തതാണ് തിരിച്ചടിയാകുന്നത്. നിലവിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ അസൗകര്യങ്ങൾക്കിടയിൽ വീർപ്പുമുട്ടിയാണ് അംഗൻവാടിയുടെ പ്രവർത്തനം. പ്രദേശത്തെ പത്തിലധികം കുടുംബങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങളാണ് ഇവിടെ പഠിക്കാനെത്തുന്നത്.

അംഗൻവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യത്തിന് കൊല്ലം കോർപ്പറേഷൻ പച്ചക്കൊടി കാട്ടിയത് ഒരുവർഷം മുമ്പാണ്. 20 ലക്ഷം രൂപ മുടക്കി അംഗൻവാടിക്ക് കെട്ടിടവും നിർമ്മിച്ചു. മനോഹരമായ രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നില സാംസ്കാരിക കേന്ദ്രത്തിന് വേണ്ടിയുള്ളതാണ്. താഴെയാണ് അംഗൻവാടി പ്രവർത്തിക്കേണ്ടത്. തുക അനുവദിച്ച് ടെണ്ടർ നടപടിയായ ഉടൻ കെട്ടിട നിർമ്മാണം തുടങ്ങുകയും വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ വൈദ്യുതീകരണം നടത്താൻ അധികൃതർ തയ്യാറായില്ല. വൈദ്യുതി ഇല്ലാത്തതിനാൽ ഉദ്ഘാടനം നടത്തി അംഗൻവാടിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും കഴിയുന്നില്ല.

കെട്ടിടം കാടുമൂടി

അധികൃതർ തിരിഞ്ഞുനോക്കാതെ വന്നതോടെ നിർമ്മാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ട കെട്ടിടത്തിന് ചുറ്റും കാടുമൂടാൻ തുടങ്ങിയിട്ടുണ്ട്. ഇഴജന്തുക്കളും ഇവിടെ താവളമാക്കിയിരിക്കുകയാണ്. അടിയന്തരമായി പരിസരത്തെ കാട് വെട്ടിമാറ്റി വൈദ്യുതീകരിക്കാനും ഉദ്ഘാടനം നടത്താനും അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വയറിംഗ് ജോലികൾ ഉടൻ തുടങ്ങും

അംബേദ്കർ കോളനിയിലെ അംഗൻവാടി നിർമ്മാണം പൂർത്തിയായെങ്കിലും. വയറിംഗ് നടത്താത്തതാണ് പ്രധാന തടസം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ വൈദ്യുതി ഇല്ലാത്ത കെട്ടിടത്തിലേക്ക് അംഗൻവാടിയുടെ പ്രവർ‌ത്തനം മാറ്റാൻ കഴിയുന്നില്ല. അടിയന്തരമായി വയറിംഗ് ജോലികൾ തുടങ്ങും. വൈദ്യുതി കിട്ടിയാലുടൻ അംഗൻവാടിയുടെ പ്രവർത്തനം ഇവിടേക്ക് മാറ്റും.

(എ. നിസാർ, കോർപ്പറേഷൻ കൗൺസിലർ)