കൊല്ലം: ഷാനിന്റെയും ശ്രുതിയുടെയും പ്രണയത്തിന് മുന്നിൽ ഒടുവിൽ കാൻസറും സുല്ലിടുന്നു. ഇതുപോലൊരു പ്രണയ ദിനത്തിലാണ് ഷാൻ ഇബ്രാഹിം ബാദുഷയോട് ശ്രുതി മനസ് തുറന്നത്. എതിർപ്പുകൾ ഒന്നിനുപിറകെയൊന്നായെത്തിയെങ്കിലും അതിനെയെല്ലാം മറികടന്ന് ഇരുവരും ഒന്നായി.
ഒടുവിൽ ജീവിതം ആഘോഷമാക്കും മുൻപെ വില്ലനായെത്തിയ കാൻസറിനെയും അവർ പ്രണയമണിത്തൂവൽ കൊണ്ട് തലോടിയകറ്റി!
തൃശൂർ കേച്ചേരി മുല്ലപ്പള്ളി ഹൗസിൽ ബാബു- സുഹ്റ ദമ്പതികളുടെ മകൻ ഷാൻ ഇബ്രാഹിം ബാദുഷയും ഷൊർണൂർ മുള്ളുൻകര പൂപ്പറമ്പിൽ ഹൗസിൽ വിജയൻ-ഉഷ ദമ്പതികളുടെ മകൾ ശ്രുതിയും തൃശൂർ കോ-ഓപ്പറേറ്റീവ് കോളേജിൽ വച്ചാണ് കണ്ടുമുട്ടുന്നത്. 2014 ഫെബ്രുവരി 5ന് പ്രണയം ബാദുഷ ചെമ്പുനോട് (ശ്രുതി) മന്ത്രിച്ചെങ്കിലും അവൾ ഇഷ്ടം പറഞ്ഞത് വാലന്റൈൻസ് ദിനത്തിലാണ്. വീട്ടുകാരുടെ എതിർപ്പുകളെ വകവയ്ക്കാതെ 2017 നവംബർ ഒന്നിന് അവർ ഒന്നായി. ഷാനിന് ഇതിനിടയിൽ ഇന്ത്യൻ ആർമിയിൽ ജി.ഡി ഉദ്യോഗസ്ഥനായി ജോലി ലഭിച്ചിരുന്നു. ഹൈദരാബാദിലെ ജോലി സ്ഥലത്തേക്ക് ശ്രുതിയെയും കൊണ്ടുപോയി. അവിടെവച്ചാണ് രോഗലക്ഷണങ്ങൾ കണ്ടത്. ടി.ബി ആണെന്ന് കരുതിയായിരുന്നു ആദ്യ ചികിത്സ. നാട്ടിലെത്തി ബയോപ്സി ചെയ്തപ്പോഴാണ് ഫോർത്ത് സ്റ്റേജ് ലിംഫോമ കാൻസർ ആണെന്ന് വ്യക്തമായത്.
പിന്നീട് ശ്രുതിയുടെ ജീവിതാവസ്ഥയിലേക്ക് തന്നെയും ചേർത്തുവയ്ക്കുകയായിരുന്നു ഷാൻ. ആദ്യ കീമോ തുടങ്ങിയപ്പോൾ ശ്രുതിയുടെ തലമുടി കൊഴിഞ്ഞു. ഇതുകണ്ട് ഷാനും തല മൊട്ടയടിച്ചു. രോഗാവസ്ഥയിൽ ശ്രുതിക്ക് ഡോക്ടർമാർ നിർദ്ദേശിച്ച ഭക്ഷണം ഷാനും കഴിച്ചു. കടലോളം കരുതലും സ്നേഹവും പകർന്നു നൽകി ഒപ്പം നിന്ന ഷാനിന്റെ സാമീപ്യത്തിൽ രോഗത്തിന്റെ തീവ്രാവസ്ഥയിൽ നിന്നു സാധാരണ ജീവിതത്തിലേക്ക് ശ്രുതി തിരിച്ചുവന്നു. വില്ലനായെത്തിയ കാൻസർ ഇപ്പോൾ പടിയിറങ്ങിപ്പോവുകയാണ്. ആപത്തുകാലത്ത് ബന്ധുക്കളും കൂടെനിന്നു. ശ്രുതിയിപ്പോൾ 12 കീമോ പൂർത്തിയാക്കികഴിഞ്ഞു. ഇനി ഏതാനും ടെസ്റ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. വാലന്റൈൻസ് ദിനത്തിന്റെ മധുരം നുണയാനൊരുങ്ങുകയാണ് ഈ പ്രണയജോഡികൾ.