കൊല്ലം: പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന സമയത്ത് ഏതെങ്കിലും പാർട്ടിയിൽ ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുമോ ?
സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എൻ. അനിരുദ്ധനെ മാറ്റി മുല്ലക്കര രത്നാകരനെ നിയമിച്ച സംസ്ഥാന നേതൃത്വത്തിന്റെ നടപടി അംഗീകരിക്കാൻ ചേന്ന ജില്ലാ എക്സിക്യൂട്ടീവിലാണ് ഒരു വിഭാഗം ഈ ചോദ്യം ഉന്നയിച്ചത്.
പാർട്ടി സമ്മേളനം തിരഞ്ഞെടുത്ത ജില്ലാ സെക്രട്ടറിയെ മാറ്റി സംസ്ഥാന സെക്രട്ടറിക്ക് താത്പര്യമുള്ളയാളിനെ ഏകപക്ഷീയമായി നിശ്ചയിക്കുകയായിരുന്നു. അനിരുദ്ധനെ മാറ്റിയതിന്റെ കാരണം വ്യക്തമാക്കണമെന്നായിരുന്നു ഒരു വിഭാഗം ആവശ്യപ്പെട്ടത്.
പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടേണ്ട സമയത്ത് പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടാക്കാൻ ബോധപൂർവം ശ്രമിക്കുന്നത് ഭൂഷണമല്ലെന്നും അഭിപ്രായമുയർന്നു. ഒരു ഘട്ടത്തിൽ പി.എസ് . സുപാലും ആർ.രാജേന്ദ്രനും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങളുണ്ടായി. സുഗമമായി പ്രവർത്തിച്ചുവന്ന ജില്ലാ കമ്മിറ്റിയിൽ ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കിയത് സംസ്ഥാന നേതൃത്വമാണെന്നായിരുന്നു സുപാലിന്റെ ആരോപണം. ഇതിനെ ശക്തമായി എതിർത്ത രാജേന്ദ്രൻ എല്ലാവരുടെയും ഉള്ളിലിരിപ്പ് മനസ്സിലാകുന്നുണ്ടെന്ന് തിരിച്ചടിച്ചു. എന്നാൽ, പിന്നോട്ടുള്ള കാര്യങ്ങൾ പറഞ്ഞാൽ പലർക്കും യോഗത്തിൽ ഇരിയ്ക്കാൻ അർഹതയുണ്ടാകില്ലെന്നും സുപാൽ പറഞ്ഞു.