incha
അഞ്ചാലുംമൂട് ഇഞ്ചവിള യു.പി.എസിന്റെ ചുമരിൽ ശുഭേന്ദുലാൽ ചിത്രം വരയ്ക്കുന്നു

കൊല്ലം: പെയിന്റിംഗ് തൊഴിലാളിയാണ് ശുഭേന്ദുലാൽ. ചുമരുകൾ നിറയെ പൂക്കളും ശലഭങ്ങളും മലനിരകളുമുള്ള മനോഹരമായ വിദ്യാലയം കുട്ടിക്കാലം മുതൽ സ്വപ്നം കാണുമായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇളയമകൾ പഠിക്കുന്ന അഞ്ചാലുംമൂട് ഇഞ്ചവിള യു.പി.എസിന്റെ ചുവരുകളിൽ ആ സ്വപ്നങ്ങൾ പകർത്തുകയാണ് ശുഭേന്ദുലാൽ.

വെറും ചിത്രങ്ങളല്ലിത്, പാഠങ്ങളാണ്.

മനോഹരമായ ആ എടുപ്പുകുതിര വെറുമൊരു ഉത്സവ കാഴ്ചയല്ല. മനപാഠമാക്കാൻ പ്രയാസമുള്ള ജ്യാമിതീയ രൂപങ്ങളാണ്. സൂര്യപ്രകാശത്തിന് നേരെ ഇലകൾ ഉയർത്തി നിൽക്കുന്ന ചെറുചെടി പറയുന്നത് പ്രകൃതിയുടെ നിലനില്പിന്റെ അടിസ്ഥാനമായ പ്രകാശ സംശ്ലേഷണം എന്ന പ്രക്രിയയാണ്. എല്ലാ ജില്ലകളും പല വർണങ്ങൾ കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിന്റെ ഭൂപടം, മഹാത്മാഗാന്ധി, സൂര്യന് ചുറ്റും നക്ഷത്രങ്ങളും ചന്ദ്രനുമുള്ള സൗരയൂഥം. ഇങ്ങനെ നീളുന്നു ഇഞ്ചവിള സ്കൂളിന്റെ ചുമരുകളിൽ വിരിഞ്ഞ ഒരച്ഛന്റെ സ്വപ്നങ്ങൾ.

പെയിന്റിംഗിന് പോയാൽ ദിവസം 900 രൂപ കൂലി കിട്ടും. അതുപേക്ഷിച്ച് സൗജന്യമായാണ് ശുഭേന്ദുലാൽ സ്കൂളിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരയ്ക്കുന്നത്. സ്കൂളിന്റെ മികവുകൾ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്താനുള്ള പഠനോത്സവത്തിന്റെ നടത്തിപ്പിനായി ചേർന്ന പി.ടി.എ യോഗത്തിൽ ശുഭേന്ദുലാൽ തന്നെയാണ് ഈ ആശയം മുന്നോട്ടുവച്ചത്. ഇപ്പോൾ തന്നെ ആറ് ദിവസത്തെ ജോലി നഷ്ടമായി. ഇനിയും മൂന്ന് ദിവസം കൂടി വേണ്ടിവരും. അദ്ധ്യാപകർ പിരിവെടുത്ത് ചെറിയ തുക നൽകിയെങ്കിലും ശുഭേന്ദുലാൽ സ്നേഹപൂർവ്വം നിഷേധിച്ചു.

ശുഭേന്ദുലാലിന്റെ ഇളയമകൾ ബിന്ദുജ ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൂത്തമകൾ രന്ദിജയും രണ്ടാമത്തെ മകൾ ഇന്ദുജയും തൊട്ടടുത്ത സ്കൂളിൽ പത്ത്, എട്ട് ക്ലാസുകളിൽ പഠിക്കുന്നു. നസിയത്താണ് ഭാര്യ.