കൊല്ലം: സി.പി.ഐ ജില്ലാ സെക്രട്ടറിയായി മുല്ലക്കര രത്നാകരൻ എം.എൽ.എയെ നിശ്ചയിച്ച തീരുമാനം അംഗീകരിക്കാൻ ബുധനാഴ്ച കൊല്ലത്ത് ചേർന്ന ജില്ലാ എക്സിക്യൂട്ടിവിൽ താൻ മുല്ലക്കരയെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. മുല്ലക്കരയെ ജില്ലാ സെക്രട്ടറിയാക്കാൻ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗമാണ് തീരുമാനമെടുത്തത്. ആ തീരുമാനം നടപ്പാക്കാൻ ജില്ലാ എക്സിക്യൂട്ടിവിൽ ഏകകണ്ഠമായ തീരുമാനം ഉണ്ടാകണമെന്നാണ് താൻ പറഞ്ഞത്. യോഗത്തിലെ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പറഞ്ഞ ശേഷം മുൻ നിശ്ചയപ്രകാരമുള്ള ചില പരിപാടിയിൽ പങ്കെടുക്കാൻ യോഗാദ്ധ്യക്ഷന്റെ അനുമതിയോടെയാണ് പോയത്. താൻ യോഗത്തിൽ നിന്നിറങ്ങിപ്പോയെന്ന പ്രചാരണവും ശരിയല്ലെന്ന് മന്ത്രി രാജു പറഞ്ഞു.