കൊല്ലം: അഷ്ടമുടിക്കായലിന് കുറുകെ പെരുമൺ - പേഴുംതുരുത്ത് പാലത്തിനായുള്ള നാടിന്റെ കാത്തിരിപ്പിന് വിരാമമാകുന്നു. പാലത്തിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചു. ഇന്നലെ ഉച്ചയോടെ ടെണ്ടർ നോട്ടീസ് പ്രസിദ്ധീകരിച്ചു. മാർച്ച് 8 വരെയാണ് സീൽ ചെയ്ത ടെണ്ടർ നൽകാൻ അവസരമുള്ളത്. മാർച്ച് 12ന് കവറുകൾ തുറന്ന് കരാർ ഉറപ്പിക്കും.
ടെണ്ടർ നടപടികൾ പൂർത്തിയായാലുടൻ നിർമ്മാണ ജോലികൾ തുടങ്ങും. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരാനിടയുള്ളതിനാൽ അതിന് മുമ്പ് നിർമ്മാണോദ്ഘാടനം നടത്താൻ കഴിയുമോയെന്ന് പരിശോധിച്ച് വരികയാണ്. അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഭൂമി വിട്ടുനൽകുന്നവർക്ക് ഈ മാസം പണം നൽകും. സർക്കാരിന്റെ ആയിരംദിന പദ്ധതികളുടെ ഭാഗമായി ഉദ്ഘാടനം നടത്തി പണം നൽകാനാണ് ആലോചന. പാലത്തിന്റെ നിർമ്മാണോദ്ഘാടനവും ഭൂവുടമകൾക്ക് പണം നൽകുന്നതും ഒന്നിച്ച് നടത്താനാണ് നീക്കം. ഇതിനായി ടെണ്ടർ നടപടി പൂർത്തിയാകുംവരെ കാത്തിരിക്കേണ്ടി വരില്ല. ഭൂവുടമകൾക്ക് നൽകേണ്ട തുകയ്ക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ പണം കൈമാറാൻ കഴിയും.
രണ്ടര കോടി രൂപ ഭൂമി ഏറ്റെടുക്കലിന് മാത്രമായി വേണ്ടിവരും. പനയം - മൺറോത്തുരുത്ത് വില്ലേജുകളിലായി 370 മീറ്റർ നീളത്തിലുള്ള ഒരേക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 42 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമി പണം നൽകിയശേഷം എക്സിക്യൂട്ടീവ് എൻജിനിയറുടെ പേരിൽ എഴുതി വാങ്ങുന്നതാണ് നടപടിക്രമം.
# നാടിന്റെ സ്വപ്നം
ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ ജോലികൾ ആരംഭിക്കാൻ ഇനി അധികം നാൾ കാത്തിരിക്കേണ്ടതില്ല. 408 മീറ്റർ നീളമുള്ള പാലം വരുന്നതോടെ അഷ്ടമുടിക്കായലിന്റെ ഇരുകരകളുടെയും സമഗ്രവികസനം സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ജങ്കാർ സർവീസിനെ ആശ്രയിച്ചാണ് കായലിന്റെ മറുകരയിലെത്തുന്നത്. പാലം യാഥാർത്ഥ്യമാകുന്നതോടെ യാത്രാബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാകും.
# ടെണ്ടർ നോട്ടീസ് പ്രസിദ്ധീകരിച്ചു
സീൽ ചെയ്ത ടെണ്ടർ നൽകാൻ അവസരം മാർച്ച് 8 വരെ
കവറുകൾ തുറന്ന് കരാർ ഉറപ്പിക്കുന്നത് മാർച്ച് 12ന്
# കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചത് 41.22 കോടി രൂപ
പാലം നിർമ്മാണത്തിനായി 36.48 കോടി രൂപ
(ബാക്കി തുക ഭൂമി ഏറ്റെടുക്കലിനും അനുബന്ധ ജോലികൾക്കും)
ഭൂമി ഏറ്റെടുക്കുന്നതിന് 2.5 കോടി രൂപ