കൊല്ലം: ആശ്രാമം -കാവടിപ്പുറം വൈദ്യശാല ജംഗ്ഷൻ റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിനുള്ള നിർമ്മാണ ജോലികളുടെ ഒന്നാം ഘട്ടം പൂർത്തിയായി. റോഡിന്റെ ഒരുവശം പൂർണ്ണമായും മറുവശം ഭാഗികമായും കോൺക്രീറ്റ് ഭിത്തികൾ കെട്ടി ഉയർത്തി. ഒരു വശത്തുകൂടി ഓട കടന്നുപോകും. 60 മീറ്റർ ദൈർഘ്യത്തിലാണ് ഓട നിർമ്മിച്ചത്. ഇനി മണ്ണിട്ട് റോഡിന്റെ നിരപ്പ് ഉയർത്തും. ഇന്റർലോക്ക് പാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. പതിറ്റാണ്ടുകളായി നാട്ടുകാർ വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിച്ചുവരികയായിരുന്നു. സ്വകാര്യ അപ്പാർട്ട്മെന്റിലെ സെപ്ടിക് ടാങ്കിൽ നിന്നുള്ള മാലിന്യം ഉൾപ്പടെയുള്ളവ ഒഴുകി റോഡിലെത്തി കെട്ടിനിൽക്കുന്ന അവസ്ഥയായിരുന്നു. മഴക്കാലത്തും അല്ലാത്തപ്പോഴും മലിനജലം കെട്ടിനിൽക്കുന്നതിനാൽ കാൽനട യാത്രപോലും ബുദ്ധിമുട്ടിലായിരുന്നു.
വെള്ളക്കെട്ട് മാറ്റാൻ ആഗസ്റ്റ് 9ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിർമ്മാണം തുടങ്ങിയത്. കഴിഞ്ഞ സെപ്തംബർ ഒന്നിന് 'കാവടിപ്പുറം - വൈദ്യശാല ജംഗ്ഷൻ റോഡിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല" എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയതും നടപടികൾക്ക് വേഗംകൂട്ടി. എം. മുകേഷ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 31 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം.
അപാകതയുണ്ടെന്ന് നാട്ടുകാർ
ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ പണിയിൽ അപാകത ഉണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്നുള്ള സെപ്ടിക് ടാങ്ക് മാലിന്യം ഉൾപ്പടെ റോഡിലേക്ക് എത്തില്ലെന്നായിരുന്നു അധികൃതർ പറഞ്ഞത്. ഇപ്പോഴും മലിന ജലം റോഡിലേക്ക് എത്തുന്നുണ്ട്. ഇന്റർലോക്ക് പാകിയാലും സ്ഥിതി തുടരും. അടിയന്തിരമായി ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.