accident
തക‌ർന്ന ഓട്ടോറിക്ഷ

പത്തനാപുരം: വാഹനങ്ങളുടെ അമിതവേഗം മൂലം പത്തനാപുരം -കൊട്ടാരക്കര മിനിഹൈവേയിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ രാത്രിയിലുണ്ടായ രണ്ട് അപകടങ്ങളിലായി ഒരു കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. തലവൂർ രണ്ടാലുംമൂടിനും കുര ജംഗ്ഷനുമിടയിലുള്ള കശുഅണ്ടി ഫാക്ടറിക്ക് സമീപത്താണ് അപകടങ്ങൾ. കൊട്ടാരക്കര ഭാഗത്ത് നിന്നു വന്ന കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു . ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ കുര ചെമ്പകശ്ശേരിയിൽ രാഘവൻ (48), യാത്രക്കാരായ തുമ്പോണത്ത് വീട്ടിൽ ചെല്ലമ്മ (60), മകൾ അജിതകുമാരി (32)അജിതയുടെ മകൾ അനന്യ( 5) എന്നിവർക്ക് പരിക്കേറ്റു. തലയ്ക്കും കാലിനും പരിക്കേറ്റ രാഘവനും ചെല്ലമ്മയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

റോഡരികിൽ നിൽക്കുകയായിരുന്ന കുര ചൈതന്യയിൽ ബി.എസ്.എൻ.എൽ ജീവനക്കാരൻ സോമശേഖരപിളളയ്ക്ക് (53) ഇരുചക്രവാഹനമിടിച്ചാണ് പരിക്കേറ്റത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കുന്നിക്കോട് പോലീസ് കേസെടുത്തു .

സൂചനാ ബോർഡുകളില്ലാത്തതാണ് പലപ്പോഴും അപകടം വരുത്തിവയ്ക്കുന്നത്.ടിപ്പറുകളടക്കമുള്ളവയുടെ അമിത വേഗവും അപകടങ്ങൾ വിളിച്ചുവരുത്തുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങളുണ്ടായി .പിടവൂർ മുതൽ വടകോട് വരെയാണ് മിനിഹൈവേയുടെ ഒന്നാംഘട്ട നിർമ്മാണം നടത്തിയത് . പാതയ്ക്ക് സമീപത്തായി നാല് ഗവ.സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട് . വാഹനങ്ങളുടെ അമിതവേഗം മൂലം ഭയപ്പാടോടെയാണ് വിദ്യാർത്ഥികളും കാൽനട യാത്രികരും പോകുന്നത് .സ്കൂളുകൾക്ക് സമീപം ഹമ്പുകളും സൂചനാ ബോർഡുകളും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.