photo
കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സഹപാഠിക്ക് നിർമ്മിച്ച് നൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ കമ്മിഷൻ റിപ്പോർട്ട് അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി കുലശേഖരപുരം ഗവ.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ച് നൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ വിദ്യാർത്ഥികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ആർ. രാമചന്ദ്രൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഒരുക്കുന്ന തുറന്ന വായനശാല കാപെക്‌സ് ചെയർമാൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനസഹായമെത്തിക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ. അൻസാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബി. സുധർമ്മ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. രാജൻ, സുലഭ രാംദാസ്, പി.ടി.എ പ്രസിഡന്റ് ജി. രഘു, എസ്.എം.സി ചെയർമാൻ വി. പ്രസന്നകുമാർ, പ്രിൻസിപ്പൽ മെർട്ടിൻ മോത്തീസ്, ഹെഡ്മിസ്ട്രസ് ഓൾഗ മേരി റൊഡ്രിഗ്സ്, പി. ഉണ്ണി, അയ്യപ്പൻ അരിമണ്ണൂർ, വി. വേണു, രാജേഷ്, കെ. സന്തോഷ്, ജയരാജ്, എൻ. കാർലോസ്, കെ.ആർ. വത്സൻ, വി. ജയശ്രീ എന്നിവർ സംസാരിച്ചു.