കൊല്ലം: കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഹൈടെക് സർവീസ് സെന്റർ ഉമയനല്ലൂരിൽ മാർച്ച് ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങും. മരപ്പണി ചെയ്യുന്നവർക്കും തടിയിൽ കരകൗശല വസ്തുക്കളും ഫർണിച്ചറും മറ്റും നിർമ്മിക്കുന്നവർക്കും വലിയ അനുഗ്രഹമായി മാറുംവിധമാണ് ഈ സംരംഭം. സർക്കാർ അനുവദിച്ച ഒന്നരക്കോടി രൂപ മുടക്കി യന്ത്ര സാമഗ്രികൾ സജ്ജീകരിച്ചു കഴിഞ്ഞു. യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് ജോലി ചെയ്യാനുള്ള പരിശീലനമാണ് പ്രധാനമായും നൽകുന്നത്. ഉമയനല്ലൂർ സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് ആർട്ടിസാൻസ് കോർപ്പറേഷന്റെ ദക്ഷിണമേഖലാ ഓഫീസ്. 2009ഡിസംബർ 2ന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം നിർമ്മാണോദ്ഘാടനം നിർവഹിച്ചു. 2016 ഫെബ്രുവരി 10ന് ഉദ്ഘാടനം നടത്തി. എന്നാൽ ഹൈടെക് യന്ത്രങ്ങൾ എത്തിയത് ഇപ്പോഴാണ്. .
ഹൈ ടെക് പരിശീലനം,
കാൽ ലക്ഷത്തിന്റെ
യന്ത്രങ്ങൾ സൗജന്യം
ഹൈടെക് യന്ത്രവത്കൃത സംവിധാനങ്ങൾ ഉപയോഗിച്ച് മരപ്പണി, കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. 18 വയസ്സുകഴിഞ്ഞ ആർക്കും പരിശീലനം നൽകും. പരമ്പരാഗത തൊഴിലാളികൾക്ക് 10 ദിവസത്തെ പരിശീലനം മതിയാകും. എന്നാൽ പുതുതായി പണി പഠിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് കോഴ്സായാണ് നടത്തുക. 60 ദിവസത്തെ പരിശീലനം വേണ്ടിവരും. പഠനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും 25,000 രൂപയുടെ മെഷീൻ സംവിധാനങ്ങളും സൗജന്യമായി നൽകും. പഠന കാലയളവിൽ സ്റ്റൈപ്പന്റും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വയം തൊഴിലിന് വായ്പ
ആർട്ടിസാൻസ് വിഭാഗത്തിൽ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ വായ്പ ലഭ്യമാക്കും. സെന്ററിൽ ആളുകളെ അംഗമാക്കുകയും ഗ്രൂപ്പുകളായി തിരിച്ച് വായ്പ ലഭ്യമാക്കാനുമാണ് തീരുമാനം. ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ പൂർണമായും രജിസ്ട്രേഷൻ നടത്തിക്കും. അംഗങ്ങൾക്ക് പരിശീലനവും മറ്റ് സൗകര്യങ്ങളും നൽകാനും കോർപ്പറേഷൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
യന്ത്രത്തിൽ ഒരു ദിവസം
നാല്പത് കട്ടിളയുണ്ടാക്കാം
കെട്ടിടങ്ങൾക്കുള്ള കട്ടിള നിർമ്മിക്കാൻ യന്ത്ര സംവിധാനം ഉപയോഗിച്ചാൽ വലിയ ലാഭമാണ്. ദിവസം ഒരു കട്ടിളയാണ് സാധാരണ തൊഴിലാളികൾ തയ്യാറാക്കുന്നതെങ്കിൽ യന്ത്രവത്കൃത സംവിധാനം ഉപയോഗിച്ച് പ്രതിദിനം 40 കട്ടിളവരെ നിർമ്മിക്കാം. മറ്റ് ഫർണിച്ചർ ഇനങ്ങൾക്കും കരകൗശല ഉത്പന്നങ്ങൾക്കും ഇതേ രീതിയിൽ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ഉത്പാദനം നടത്താം. കൂടുതൽ ഫിനിഷിംഗും ഉണ്ടാകും. തൊഴിലാളികൾക്ക് മണിക്കൂറിന് 200 രൂപ ക്രമത്തിൽ വാടകയ്ക്ക് യന്ത്രസംവിധാനങ്ങൾ ഉപയോഗിക്കാനും സംവിധാനമൊരുക്കും.
വലിയ മാറ്റമുണ്ടാകും
ഹൈടെക് യന്ത്രവത്കൃത സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനവും നൽകും. പരമ്പരാഗത തൊഴിൽ മേഖലയിലേക്ക് പുതുതലമുറയെ ആകർഷിക്കാനും ഇതുപകരിക്കും. വലിയ മാറ്റമാണുണ്ടാകാൻ പോകുന്നത്. മാർച്ച് ആദ്യവാരം ഉമയനല്ലൂരിലെ മോഡേൺ മെക്കനൈസ്ഡ് സർവീസ് സെന്റർ ഉദ്ഘാടനം ചെയ്യും.
(നെടുവത്തൂർ സുന്ദരേശൻ,
ചെയർമാൻ, കേരള ആർട്ടിസാൻസ്
ഡവലപ്മെന്റ് കോർപ്പറേഷൻ)