കുണ്ടറ: വെള്ളിമണിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി കേരളയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സികുട്ടിഅമ്മ പറഞ്ഞു. കോളേജിൽ നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുക ആയിരുന്നു മന്ത്രി. കോളേജിൽ നിലവിലുള്ള പരാധീനതകൾ ആരും ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ കുറവുകൾ പരിഹരിക്കപ്പെടുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ, ജില്ലാ പഞ്ചായത്ത് അംഗം കെ. രാജശേഖരൻ, കയർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.എൽ. സജി കുമാർ, പഞ്ചായത്ത് അംഗം കെ. സോമവല്ലി, പി.ടി.എ പ്രസിഡന്റ് ബിനുചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ.പി. അനിത ദമയന്തി സ്വാഗതവും പ്രിൻസിപ്പൽ ഡോ.എം. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.