കൊല്ലം: പ്രളയം ബാക്കിവച്ച വീടിന് പകരമൊരു വീട് -അഷ്ടമുടി ആലുവിള വീട്ടിൽ ജസീന്തയുടെ (51) ആകെയുള്ള ആവശ്യമിതാണ്. തൊണ്ണൂറ് പിന്നിട്ട മാതാവിനൊപ്പം രോഗങ്ങളോട് മല്ലടിച്ചാണ് ജസീന്തയുടെ ദുരിത ജീവിതം. വീടുകൾ കയറി മത്സ്യ വിൽപ്പന നടത്തിയാണ് കുടുംബം പോറ്റുന്നത്. ഭർത്താവ് ജോസഫ് ബാബു പത്ത് വർഷം മുൻപ് മരിച്ചു. മൂന്ന് പെൺമക്കളെ വിവാഹം ചെയ്യിച്ചത് മാത്രമാണ് ഏക ആശ്വാസം. വീട്ടിൽ ജസീന്തയും വൃദ്ധമാതാവും മാത്രമായി. തീർത്തും കിടപ്പിലാണ് മാതാവ് ജെയ്നമ്മ. കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞതിന്റെ വയ്യായ്മകൾ വകവയ്ക്കാതെയാണ് ജസീന്ത മത്സ്യക്കച്ചവടത്തിന് പോകുന്നത്. മറ്റ് രോഗങ്ങളും അലട്ടുന്നുണ്ട്. അഷ്ടമുടി കായലിന്റെ തീരത്തായി ഏഴര സെന്റ് ഭൂമിയും അരനൂറ്റാണ്ട് മുൻപ് നിർമ്മിച്ച ചെറിയൊരു വീടുമാണ് ആകെയുള്ള സമ്പാദ്യം. പ്രളയത്തിൽ വീടിന്റെ ഭിത്തികൾക്ക് കാര്യമായ ബലക്ഷയം സംഭവിച്ചു. മേൽക്കൂരയ്ക്കും നാശം സംഭവിച്ചതിനാൽ മഴപെയ്താൽ ചോർന്നൊലിക്കും. പ്രളയം വന്നപ്പോൾ വില്ലേജ് ഓഫീസർ ഇടപെട്ട് ജസീന്തയെയും മാതാവിനെയും ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രളയ ദുരിതാശ്വാസം ലഭിക്കുമെന്ന് അറിയിച്ചുവെങ്കിലും അതൊന്നും ഈ വീടിന്റെ പടികടന്നെത്തിയില്ല. വീടിന് അറ്റകുറ്റപ്പണി നടത്താൻ പോലും നയാപൈസ കിട്ടിയില്ലെന്ന് ജസീന്ത സങ്കടത്തോടെ പറയുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചുവെങ്കിലും നടപടികൾ ചുവപ്പ് നാടയിലാണ്. കായലിൽ നിന്നു നൂറ് മീറ്റർ ചുറ്റളവിലുള്ള ഭൂമിയായതിനാൽ വീട് നൽകാനാവില്ലെന്ന് കാട്ടി ആദ്യം അപേക്ഷ നിരസിച്ചിരുന്നു.നിലവിൽ വീടുള്ളവർക്ക് ഈ ദൂരപരിധി ബാധകമല്ലെന്ന് രേഖാമൂലം വ്യക്തമാക്കിയപ്പോൾ ലൈഫ് പദ്ധതിയ്ക്ക് വീട് അനുവദിച്ചതിന്റെ പെർമിറ്റ് ലഭിച്ചതാണ്. എന്നാൽ തുക നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ അഷ്ടമുടി വാർഡിൽ ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടിലിരുന്ന് വൃദ്ധമാതാവിനൊപ്പം വിലപിക്കാൻ മാത്രമേ ജസീന്തയ്ക്ക് കഴിയുന്നുള്ളു. ഇവരുടെ കണ്ണീർപ്രാർത്ഥനയ്ക്കു മുന്നിൽ അധികൃതർ കനിയുമോ?