കുന്നത്തൂർ: സംസ്ഥാന സർക്കാർ വിശ്വാസത്തിന്റെ പേരിൽ ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കരുതെന്ന് കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരളയാത്രയ്ക്ക് കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ഭരണിക്കാവിൽ നൽകിയ വരവേല്പിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. അവിശ്വാസികളെയും വിശ്വാസികളെയും സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. എന്നാൽ അവിശ്വാസികൾക്കൊപ്പം നിന്ന് വിശ്വാസികളെ ആക്രമിക്കുകയും മതസ്പർദ്ധ വളർത്തുകയും ചെയ്യുന്ന ഈ സർക്കാർ വിശ്വാസി സമൂഹത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. സ്വീകരണ സമ്മേളനം മുൻ എം.പി പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്തു. കോട്ടൂർ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വഴുതാനത്ത് ബാലചന്ദ്രൻ, എം.വി. ശശികുമാരൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, മുൻ എം.പി ജോയ് എബ്രഹാം, റോഷി അഗസ്റ്റിൻ എം.എൽ.എ, ബെന്നി കക്കാട്, ഉഷാലയം ശിവരാജൻ, ഗോകുലം അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.