j-mersykutty-amma

കൊല്ലം: കേരള പുനർ നിർമ്മിതിക്ക് ഉതകുന്ന പുത്തൻ ആശയങ്ങളുടെ ചർച്ചാ വേദിയായി 'നവകേരളത്തിന് പുതിയ ഭവന സാക്ഷരത' ശിൽപ്പശാല. സംസ്ഥാന ഭവന നിർമ്മാണ വകുപ്പിന്റെയും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടത്തിയ ശിൽപ്പശാല മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്‌തു. ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ്, പ്രൊഫ. യൂജിൻ പണ്ടാല, ടി.കെ.എം എൻജിനീയറിംഗ് കോളേജ് ആർക്കിടെക്ചർ വിഭാഗം മേധാവി ഡോ.എ.എസ്.ദിലി, ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫ. ഡോ.ജെ.ഉദയകുമാർ, അസി.പ്രൊഫ. ജി.ജയകൃഷ്‌ണൻ, വി.എച്ച്.എസ്.ഇ സിവിൽ വിഭാഗത്തിലെ ഉമ ജി.ഉണ്ണിത്താൻ, ടി.ജെ.ശിവപ്രസാദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ശിൽപ്പശാലയിലെ ആശയങ്ങളും നിർദേശങ്ങളും സർക്കാരിന് സമർപ്പിക്കും. ഹൗസിംഗ് കമ്മിഷണർ ബി.അബ്ദുൾ നാസർ, വി.എച്ച്.എസ്.ഇ ഡയറക്‌ടർ പ്രൊഫ.എ.ഫറൂഖ്, ടി.കെ.എം കോളേജ് ഒഫ് എൻജിനീയിംഗ് പ്രിൻസിപ്പൽ ഡോ. എസ്.അയൂബ്, വി.എച്ച്.എസ്.ഇ അസി.ഡയറക്‌ടർ കുര്യൻ എ.ജോൺ എന്നിവർ പങ്കെടുത്തു.

 നവകേരളത്തിന് മാതൃകയായി പ്രകൃതി സൗഹൃദ ഭവനങ്ങൾ

വിഭവങ്ങളും ചെലവും ചുരുക്കി പ്രകൃതി സൗഹൃദ ഭവനങ്ങൾ എങ്ങനെ നിർമ്മിക്കാമെന്ന ചോദ്യത്തിന്റെ ലളിതമായ ഉത്തരമായിരുന്നു കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിഭാഗം മേധാവി ഡോ.എ.എസ്.ദിലി അവതരിപ്പിച്ച സെമിനാർ.

പബ്ലിക് ലൈബ്രറി സരസ്വതി ഹാളിന് മുന്നിൽ അദ്ദേഹം സജ്ജീകരിച്ച ' വീട് നിർമ്മാണത്തിന്റെ മാതൃക' യാണ് ശിൽപശാലയ്‌ക്കായി എത്തിയ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും വരവേറ്റത്. പ്രകൃതി വിഭവ മിതത്വം പാലിച്ചുകൊണ്ടുള്ള വീട് നിർമ്മാണത്തിന്റെ പഠന മാതൃകയായി ഏവർക്കും അത് മാറി. പ്രകൃതി വിഭവങ്ങൾ കുറച്ച് കാലാവസ്ഥയ്‌ക്കിണങ്ങിയ ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസം പകരുന്ന തെളിവുകളാണ് സെമിനാറിലൂടെ അദ്ദേഹം നിരത്തിയത്. മയ്യനാട്ടെ കുടുംബ വീടിന്റെ ടെറസിൽ ഇത്തരത്തിൽ നിർമ്മിച്ച സ്വന്തം വീടിന്റെ മാതൃകയും അദ്ദേഹം സദസിന് മുന്നിൽ അവതരിപ്പിച്ചു. സ്വന്തമായി വീടെന്ന സാധാരണക്കാരുടെ എക്കാലത്തെയും സ്വപ്‌നങ്ങളെ യാഥാർത്ഥ്യമാക്കാൻ

കഴിയുന്ന ഭവന മാതൃകയാണിത്.

1- 50 ശതമാനത്തിലേറെ ചെലവ് കുറയുന്നു എന്നതാണ് പ്രധാന പ്രത്യേകത. നാല് ലക്ഷം രൂപയ്‌ക്ക് ഉറപ്പും ഈട് നിൽക്കുന്നതും മനോഹരവുമായ വീടുകൾ പൂർത്തിയാക്കാം.

2- സാധാരണ വീടുകളുടെ ഭിത്തിയ്‌ക്ക് 25 സെന്റമീറ്ററിലേറെ കനം വരുമ്പോൾ ഇത്തരം വീടുകളുടെ ഭിത്തിയ്‌ക്ക് 10 സെന്റിമീറ്റർ കനം മാത്രമേ ഉണ്ടാകൂ. കോൺക്രീറ്റ് മേൽക്കൂര പരമാവധി ഒഴിവാക്കിയാണ് നിർമ്മാണമെങ്കിലും ആവശ്യക്കാർക്ക് അത്തരത്തിലും നിർമ്മിക്കാം.

3- മുള, മണ്ണ് എന്നിവ ഉപയോഗിച്ച് എല്ലായിടത്തും വീടുകൾ നിർമ്മിക്കുന്നത് ആധുനിക കാലത്ത് അപ്രായോഗികമാണ്. അത്രയും അസംസ്‌കൃത വസ്‌തുക്കൾ ലഭ്യമല്ല. സാധാരണ വീട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ അഞ്ചിലൊന്ന് മാത്രം മതിയാകും ഇത്തരം വീടുകൾക്ക്.