temple

പത്തനാപുരം:മേലില ശ്രീധർമ്മ ശാസ്താ ക്ഷേത്രമതിൽ കെട്ടിനുള്ളിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പികൾ താഴേക്ക് ചാഞ്ഞ് കിടക്കുന്നത് ഭീതിപരത്തുന്നു. ക്ഷേത്രത്തിൽ ഫെബ്രുവരി 21വരെ ഉത്സവം നടക്കുകയാണ്.

രണ്ട് വർഷം മുൻപ് തൊട്ടടുത്ത ക്ഷേത്രത്തിന് സമീപം വൈദ്യുതി ലൈനിൽ തട്ടി ഉത്സവ ഫ്ലോട്ടും വാഹനവും പൂർണമായി കത്തി നശിച്ചിരുന്നു.

സമാപന ദിവസത്തെ ഘോഷയാത്രയ്ക്ക് ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്നത് വൈദ്യുത കമ്പി കടന്നു പോകുന്നതിന് താഴെയുള്ള പടിക്കെട്ടുവഴിയാണ്. മേലിലാ ദേവിയുടെ തിരുമുടി എഴുന്നെള്ളത്ത് ദർശിക്കുന്നതും പൊങ്കാല മഹോത്സവം നടക്കുന്നതും ഇതിനു താഴെയാണ്.

ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തെ തുടർന്ന് മുടങ്ങിക്കിടന്ന ഘോഷയാത്ര കഴിഞ്ഞ വർഷം മുതലാണ് വീണ്ടും ആരംഭിച്ചത് കഴിഞ്ഞ വർഷം ഇതേ അവസ്ഥയായിരുന്നു.ഘോഷയാത്രയിൽ നെടുംകുതിര എടുപ്പും കാളയെടുപ്പ് സംഘങ്ങളുമുണ്ട്. പണം മുടക്കി കെ.എസ്.ഇ.ബി അധികൃതരെ കൊണ്ട് വൈദ്യുത കമ്പികൾ ഉത്സവ ദിവസം അഴിച്ചുമാറ്റിക്കുകയാണ് പതിവ് . ക്ഷേത്ര മതിൽകെട്ടിന് പുറത്ത് കൂടി വൈദ്യുതി ലൈൻ ക്രമീകരിക്കാം എന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഒരു വശത്ത് പോസ്റ്റുകൾ ഏത് സമയത്തും നിലംപൊത്താറായ അവസ്ഥയിൽ ചരിഞ്ഞ് നിൽക്കുന്നുണ്ട് .വൈദ്യുതി ലൈൻ റോഡിലൂടെ ക്രമീകരിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

ഭക്ത ജനങ്ങൾക്ക് ഭീഷണിയായ വൈദ്യുതി കമ്പികളും പോസ്റ്റും ഈ മാസം 21ന് നടക്കുന്ന ഉത്സവത്തിന് മുമ്പായി നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകണം.

രമേശ് മേലില

(പൊതുപ്രവർത്തകൻ)

ഉത്സവഘോഷയാത്രയ്ക്കും ക്ഷേത്രസംബന്ധമായ പരിപാടികൾക്കും വൈദ്യുതി കമ്പികൾ ബുദ്ധിമുട്ടാകുന്നു. എത്രയും വേഗം ലൈനുകൾ പൊതു റോഡിൽ കൂടി കടത്തിവിടാൻ കെ.എസ്.ഇ.ബി അധികൃതർ തയ്യാറാകണം. ആർ.തുളസീധരൻ പിള്ള

ഉപദേശക സമിതി പ്രസിഡന്റ്

മേലില ശ്രീധർമ്മ ശാസ്താ ക്ഷേത്രം

Image Caption