kip
ഇടമൺ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിന് സമീപം കല്ലട ഇറിഗേഷൻെറ വലത് കര കനാൽ റോഡ് തകർന്ന് തരിപ്പണമായി കിടക്കുന്നു

പുനലൂർ: കല്ലട ജലസേചന പദ്ധതി പ്രദേശമായ ഇടമണിലൂടെ കടന്നുപോകുന്ന വലതുകര കനാൽ റോഡ് കാൽ നൂറ്റാണ്ടായി തകർന്നു കിടക്കുകയാണ്. കാൽനടയാത്രപോലും ദുഷ് കരമാണ്.വലതുകര കനാൽ പണിതപ്പോൾ നിർമ്മിച്ച റോഡ് അന്ന് ടാർ ചെയ്തെങ്കിലും പിന്നീട് നവീകരിച്ചിട്ടില്ല.

ആനപെട്ടകോങ്കൽ, 17-ാം ബ്ലോക്ക്, ഉദയഗിരി, ആയത്തിൽ, നാല് സെന്റ് കോളനി, വാളവിള, തോണിച്ചാൽ, ചെറുതന്നൂർ തുടങ്ങിയ പ്രദേശങ്ങളെ കൊല്ലം -തിരുമംഗലം ദേശിയ പാതയുമായി ബന്ധിപ്പിക്കുന്ന കനാൽ റോഡിലെ അഞ്ചു കിലോമീറ്ററോളമാണ് തകർന്ന് കിടക്കുന്നത്.

ഒറ്റക്കൽ ലുക്കൗട്ട് തടയണക്ക് മുന്നിൽ നിന്നാരംഭിച്ച് ചാലിയക്കര വഴി പത്തനംതിട്ട ജില്ലയിലേക്ക് പോകുന്ന കനാൽ റോഡിലെ ഒറ്റക്കൽ മുതൽ അണ്ടൂർപച്ചയിലെ 17-ാംബ്ലോക്ക് വരെ നേരത്തെ റീ ടാറിംഗ് നടത്തിയിരുന്നു. സ്ഥലം എം.എൽ.എആയ മന്ത്രി കെ.രാജുവിൻെറ പ്രാദേശിക വികസന ഫണ്ടിൽ നിന്നു അനുവദിച്ച 50ലക്ഷം രൂപ ചെലവഴിച്ചായിരുന്നു ഈ ഭാഗത്തെ നവീകരണം. പിന്നീട് ചെറുതന്നൂർ മുതൽ ചാലിയക്കര വരെ ടാറിംഗ് നടത്തിയെങ്കിലും ഇതിന് ഇടയ്ക്കുള്ള 5 കിലോമീറ്റർ റോഡാണ് കാൽ നൂറ്റാണ്ടായി തകർന്നു കിടക്കുന്നത്. കുണ്ടും കുഴിയുമായ റോഡ് വഴി ഓട്ടോ റിക്ഷപോലും വരാൻ മടിക്കുകയാണ്. മഴക്കാലമായാൽ സ്ഥിതി പരമ ദയനീയമാകും. കനാൽ റോഡ് നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇടമൺ ഉദയഗിരി നാല് സെന്റ് കോളനിവാസികൾ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചിരുന്നു. അന്ന് എല്ലാ സ്ഥാനാർത്ഥികളും റോഡ് നവീകരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഒന്നും നടന്നില്ല.


കാർഷിക മേഖലയായ പ്രദേശത്തെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണ് വലതുകര കനാൽ റോഡ്. വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ അനുഭവിക്കുന്ന ദുരിതം പറഞ്ഞ് അറിയിക്കാൻ കഴിയില്ല, കാലവർഷം ആരംഭിച്ചാൽ വെള്ളക്കെട്ടാവും. 17-ാം ബ്ലോക്ക് മുതൽ മൈടിയിൽ ഭാഗംവരെ റീ ടാറിംഗ് നടത്തുമെന്ന് അറിയുന്നു. അതുകൊണ്ട് പ്രശ്നം തീരില്ല.ചെറുതന്നൂർ വരെ നവീകരിച്ചാലെ യാത്രാ ദുരിതത്തിന് അറുതിയാകൂ.

ടി.ചന്ദ്രബാബു,

മുൻശാഖാ സെക്രട്ടറി,

എസ്.എൻ.ഡി.പി.യോഗം

480-ാം നമ്പർ ഇടമൺ പടിഞ്ഞാറ്--

വലതുകര കനാൽ റോഡ് ഉടൻ ഗതാഗാത യോഗ്യമാക്കും. സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജുവിൻെറ ആസ്തി വികസന ഫണ്ടിൽ നിന്നു അനുവദിച്ച 50ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. എസ്റ്റിമേറ്റ് എടുത്ത് ഉടൻ ടെണ്ടർ നടപടി ആരംഭിക്കും.

ഓമനക്കുട്ടൻ,

കെ.ഐ.പി. അസി.എക്സി.

എൻൻജിനിയർ, തെന്മല