കൊല്ലം: പുലർച്ചെ നടക്കാനിറങ്ങിയ ഗർഭിണിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ ഒന്നര മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്‌തു. ഇരവിപുരം കയ്യാലയ്‌ക്കൽ വയലിൽ പുത്തൻ വീട്ടിൽ ഷാജഹാനെ (33) കഴിഞ്ഞ ദിവസം രാത്രി ആലങ്കോട് നിന്ന് ഇരവിപുരം പൊലീസാണ് പിടി കൂടിയത്. സ്‌ത്രീയെ അപമാനിച്ചതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്.
ഭരണിക്കാവ് ആദിക്കാട് റെയിൽവേ ഗേറ്റിന് സമീപം വച്ചാണ് യുവതിയെ അപമാനിക്കാൻ ശ്രമിച്ചത്.
ഷാജഹാന്റെ ദൃശ്യം യുവതി മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ ബൈക്കിടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് രക്ഷപ്പെട്ടത്. സഹോദരിയുടെ വീട്ടിലായിരുന്നു ഷാജഹാന്റെ ഒളിവ് ജീവിതം. യുവതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാജഹാനാണെന്ന് തിരിച്ചറിഞ്ഞത്. പുലർച്ചെ നടക്കാനിറങ്ങുന്ന പല സ്ത്രീകളെയും സമാന തരത്തിൽ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഷാജഹാൻ സമ്മതിച്ചു. ആരും പരാതി നൽകാതിരുന്നതാണ് പ്രതിക്ക് തുണയായത്.
എസ്. ഐമാരായ എസ്. ശ്രീകുമാർ, എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.