കൊട്ടിയം: പ്രഭാതസവാരിക്കിറങ്ങിയ 29കാരിയെ കടന്നുപിടിച്ച ശേഷം ഒളിവിൽപ്പോയ യുവാവ് അറസ്റ്റിൽ. ഇരവിപുരം കയ്യാലയ്ക്കൽ വയലിൽ പുത്തൻവീട്ടിൽ ഷാജഹാനാണ് (34) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഒന്നര മാസം മുമ്പ് ഇരവിപുരം ആദിക്കാട് റെയിൽവേ ഗേറ്റിനു സമീപമാണ് ബൈക്കിലെത്തിയ ഷാജഹാൻ യുവതിയെ കടന്നു പിടിച്ചത്. യുവതി ഇയാളുടെ ചിത്രം മൊബൈലിൽ പകർത്താൻ ശ്രമിക്കവേ വാഹനം കൊണ്ട് ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇയാൾ കടന്നു കളഞ്ഞു. യുവതി നൽകിയ പരാതിയിലെ സൂചനകൾ വച്ചാണ് ആലങ്കോട്ടെ സഹോദരിയുടെ വീട്ടിൽ നിന്ന് ഇരവിപുരം പൊലീസ് പ്രതിയെ പിടികൂടിയത്. പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ ഇതിനു മുമ്പും വിവിധ സ്ഥലങ്ങളിൽ വച്ച് ഇയാൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഇവരാരും പൊലീസിൽ പരാതി നൽകാത്തതാണ് ഇയാൾക്ക് തുണയായത്. യുവതിയെ അപമാനിച്ചതിനും വധശ്രമത്തിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എസ്.ഐമാരായ എസ്. ശ്രീകുമാർ, എസ്. അനീഷ്, സി.പി.ഒമാരായ സജിത്ത്, ശിവകുമാർ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.