കൊല്ലം: ഓട്ടോ റിക്ഷയുടെ മിനിമം നിരക്ക് ഇരുപതു രൂപയിൽ നിന്ന് ഇരുപത്തിയഞ്ചായി ഉയർത്തിയശേഷവും അമിത ചാർജ് ഈടാക്കുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിൽ പരിഹാര മാർഗ്ഗവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത് എത്തി.
ഓട്ടാേ ചാർജിന്റെ പുതുക്കിയ പട്ടിക എല്ലാ ഓട്ടോകളിലും പതിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ദിവസങ്ങൾക്കുള്ളിൽ പട്ടിക പതിക്കുന്ന ജോലി പൂർത്തീകരിക്കും.
പെട്രോളിനും ഡീസലിനും അടിക്കടി വില കൂടിയിട്ടും ഓട്ടോ ചാർജിൽ മാറ്റം വരുത്താത്തതിനാൽ അധികനിരക്ക് വാങ്ങുന്നു എന്നായിരുന്നു ന്യായീകരണം. എന്നാൽ മിനിമം ചാർജ് കൂട്ടിയശേഷവും ഇത് തുടരുന്നതായി ആക്ഷേപം ഉയർന്നു. അതേസമയം, ന്യായമായ തുക മാത്രം ഈടാക്കുന്നവരും ഉണ്ട്.
ഓട്ടോകളിൽ മീറ്റർ ഉപയോഗം കുറവാണ്. ലീഗൽ മെട്രോളജിയിൽ നിന്നു മീറ്റർ സീൽ ചെയ്‌ത് നൽകുന്നതിൽ വരുന്ന കാലതാമസമാണ് തടസ്സമെന്ന് ഡ്രൈവർമാർ പറയുന്നു. മിനിമം ചാർജ് 20 എന്നത് 25 ആയി ക്രമീകരിക്കണം. ജീവനക്കാരുടെ കുറവുമൂലം ഇത് വൈകുകയാണ്. മീറ്ററുകൾ ക്രമീകരിക്കാൻ മൂന്നു മാസത്തെ സാവകാശം വേണമെന്നാണ് ഡ്രൈവർമാർ പറയുന്നത്. എന്തായാലും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പരിഹാരമായി മോട്ടാേർ വാഹന വകുപ്പ് ചാർട്ട് പ്രസിദ്ധീകരിക്കുന്നത്.
''ഓട്ടോ ചാർജ് വ്യക്തമാക്കുന്ന പട്ടികയുടെ പ്രിന്റിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. രണ്ടു ദിവസമായി ഇവ പതിക്കുന്ന ജോലികൾ നടക്കുകയാണ്. അധികം തുക ഈടാക്കുന്നതിനെതിരെ പൊതുജനങ്ങൾ പ്രതികരിക്കാത്തതാണ് ഇത്തരം പ്രവണത വർദ്ധിക്കാൻ കാരണം.''
- ആർ.ടി.ഒ വി.സജിത്.