munro
മൺറോതുരുത്തിൽ നിർമ്മിക്കുന്ന പ്രകൃതി സൗഹൃദ വീടിന്റെ രൂപരേഖ

 പ്രകൃതി സൗഹൃദ വീടിന് സർക്കാരിന്റെ അനുമതി

 ടി.കെ.എം എൻജി.കോളേജിന്റെ രൂപരേഖ

 പദ്ധതി തുക 6.50 ലക്ഷം

കൊല്ലം: ജലത്തെ ഭയന്ന് ജീവിക്കുന്ന മൺട്രോതുരുത്തിൽ വെള്ളപ്പൊക്കത്തിൽ മുങ്ങാത്ത ആ നാടിന്റെ സ്വന്തം വീടുയരും. വേലിയേറ്റത്തെ അതിജീവിക്കാൻ കഴിയുന്ന പ്രകൃതി സൗഹൃദ വീടിന്റെ നിർമ്മാണത്തിന് മൺറോതുരുത്ത് പഞ്ചായത്തിന് സർക്കാർ അനുമതി നൽകി. ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗം അദ്ധ്യാപകൻ പ്രൊഫ. എം. സിറാജുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകൃതി സൗഹൃദ വീടിന്റെ രൂപരേഖ തയ്യാറാക്കിയത്.

വീടിന്റെ അടിത്തട്ട് തറനിരപ്പിൽ നിന്നു ഒന്നര മീറ്ററിലേറെ ഉയർന്നുനിൽക്കുമെന്നതാണ് പ്രധാന പ്രത്യേകത. വേലിയേറ്റത്തിലൂടെ ജലനിരപ്പ് ഉയർന്നാലും ഈ വിടവിലൂടെ വെള്ളം ഒഴുകിപ്പോകും. വീടിന്റെ ഭിത്തികൾ യോജിക്കുന്ന ഭാഗങ്ങളിൽ ആറ് മീറ്റർ നീളത്തിൽ തെങ്ങിൻ തടികൾ കുഴിച്ചിടും. അതിന് മുകളിൽ കോൺക്രീറ്റ് പൈൽ കാപ്പുകൾ സ്ഥാപിച്ചശേഷം കോൺക്രീറ്റ് സ്തംഭങ്ങൾ നിർമ്മിക്കും. ഇവയെ തമ്മിൽ ബന്ധിപ്പിച്ച് കോൺക്രീറ്റ് ബീം. ബീമിന് മുകളിൽ 90 സെ.മീറ്രർ ഉയരമുള്ള ഫ്യൂണിക്കുലാർ ഷെല്ലുകൾ നിരത്തി അടിത്തട്ടൊരുക്കിയ ശേഷം കോൺക്രീറ്റ് ചെയ്യും. അതിന് ശേഷം ഭാരം കുറഞ്ഞ കോൺക്രീറ്റ് കട്ടകൾ കൊണ്ട് ഭിത്തികൾ നിർമ്മിക്കും. ഒരു ചതുരശ്രയടിക്ക് 1255 രൂപയാണ് നിർമ്മാണ ചെലവ്.

വിവിധ സർക്കാർ പദ്ധതികളിലൂടെ ഭവനനിർമ്മാണത്തിന് പരമാവധി നാല് ലക്ഷം രൂപയാണ് ലഭിക്കുന്നത്. എന്നാൽ പ്രകൃതി സൗഹൃദ വീടുകളുടെ നിർമ്മാണ ചെലവ് ആറരലക്ഷം രൂപയാണ്. രണ്ടര ലക്ഷം അധികം വേണ്ടിവരുന്നതിനാലാണ് സർക്കാരിന്റെ അനുമതി തേടിയത്. മാതൃകാ പദ്ധതിയെന്ന നിലയിൽ ഒരു വീടിന്റെ നിർമ്മാണത്തിനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. വിജയകരമാണെങ്കിൽ പഞ്ചായത്തിന്റെ ഭവന നിർമ്മാണ പദ്ധതി പൂർണമായും പ്രകൃതി സൗഹൃദ രീതിയിലാക്കും.

' ദീർഘകാലത്തെ നീരിക്ഷണത്തിനും സർവേയ്ക്കും ശേഷമാണ് രൂപരേഖ തയ്യാറാക്കിയത്. വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള അടിസ്ഥാനത്തിന്റെ നിർമ്മാണത്തിന് മാത്രമാണ് അല്പം തുക അധികം ചെലവാകുന്നത്. അതിന് മുകളിലുള്ള നിർമ്മാണങ്ങൾക്കെല്ലാം താരതമ്യേന ചെലവ് കുറവാണ്. ഭൂമിക്ക് അധികം ഭാരം ഏല്പിക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്. '

പ്രൊഫ. എം. സിറാജുദ്ദീൻ

സിവിൽ എൻജി.വിഭാഗം അദ്ധ്യാപകൻ,

ടി.കെ.എം എൻജിനീയറിംഗ് കോളേജ്