കൊല്ലം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ തടയാൻ വിദ്യാർത്ഥിനികളെ പ്രാപ്തരാക്കുന്ന ധൈര്യ- 2019ന് ജില്ലയിൽ തുടക്കമായി. ജില്ലാ ഭരണകൂടവും സിറ്റി പൊലീസും സംയുക്തമായാണ് സ്വയം പ്രതിരോധത്തിന്റെ സാദ്ധ്യതകൾ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് രൂപം നൽകിയത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്നതിനൊപ്പം അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ വിദ്യാർത്ഥിനികളെ പരിശീലിപ്പിക്കണമന്ന് അദ്ദേഹം പറഞ്ഞു.
അസിസ്റ്റന്റ് കളക്ടർ എസ്. ഇലക്കിയ, ഡെപ്യൂട്ടി കമ്മിഷണർ പി.എ. മുഹമദ് ആരിഫ്, കോ ഓർഡിനേറ്റർമാരായ ഷെഹ് നാ റാണി, ആസിഫ് അയൂബ് തുടങ്ങിയവർ പങ്കെടുത്തു. ധൈര്യയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥിനികൾക്ക് 20 മണിക്കൂർ പരിശീലനമാണ് നൽകുന്നത്. എ.ആർ ക്യാമ്പിൽ ഞായറാഴ്ച തോറും രാവിലെ 7 മുതൽ രണ്ട് ബാച്ചുകളായി പരിശീലനം നൽകും. നിലവിൽ 120 രജിസ്ട്രേഷനുണ്ട്. വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ എസ്. റെജീന, റോസി സേവ്യർ, സുധ എന്നിവരാണ് പരിശീലകർ.