photo
അഷ്ടമുടിയിൽ തീരദേശ റോഡ് നിർമ്മാണ ജോലികൾക്ക് തുടക്കമിട്ടപ്പോൾ

കൊല്ലം: അഷ്ടമുടിയിൽ തീരദേശ റോഡെന്ന പ്രദേശവാസികളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഗ്രാമ പഞ്ചായത്തംഗം എസ്. പ്രിയയുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിക്കുകയും രണ്ട് മണ്ണ് മാന്തി യന്ത്രങ്ങളുടെ സഹായത്തോടെ അഷ്ടമുടിയിൽ ഇന്നലെ പുലർച്ചെ 6 മുതൽ റോഡ് നിർമ്മാണ ജോലികൾ ആരംഭിക്കുകയും ചെയ്തു. വയലിൽക്കട ഭാഗത്ത് നിന്ന് തുടങ്ങി ഒന്നേകാൽ കിലോമീറ്റർ ദൂരത്തിലാണ് റോഡ് വെട്ടിയത്. മരങ്ങൾ വെട്ടിമാറ്റുകയും താഴ്ന്ന സ്ഥലങ്ങൾ മണ്ണിട്ട് നിരപ്പാക്കുകയും ചെയ്തു. വാഴയിൽ മുക്കിലെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിന് ഒരു പുരയിടത്തിന്റെ തടസംകൂടി നിലനിൽക്കുന്നുണ്ട്. റോഡ് നിർമ്മാണത്തിനിടെ ഭൂമി വിട്ടുനൽകുന്ന ഒരു കുടുംബത്തിൽ മരണമുണ്ടായിട്ടും നാടിന്റെ പൊതുആവശ്യം കണക്കിലെടുത്ത് ഈ വീട്ടുകാരും റോഡ് നിർമ്മാണ ജോലികൾ തുടരാൻ സഹകരിച്ചത് മാതൃകയായി. ഇന്നലെ വൈകിട്ടോടെ ആദ്യഘട്ട നിർമ്മാണ ജോലികൾ പൂർത്തിയായി. ഇനി വശങ്ങളിൽ സംരക്ഷണ ഭിത്തിയടക്കം നിർമ്മിക്കും. കഴിഞ്ഞ നവംബർ 15ന് 'അഷ്ടമുടിയിൽ തീരദേശ റോഡെന്ന സ്വപ്നത്തിന് ചിറക് മുളയ്ക്കുന്നു' എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് തീരദേശ റോഡ് നി‌ർമ്മിക്കുന്നതിന്റെ ആവശ്യം നാട്ടുകാർ ചർച്ച ചെയ്തത്. ഗ്രാമ പഞ്ചായത്തംഗം എസ്. പ്രിയയും മുൻ അംഗം ആർ. അജയകുമാറും റോഡ് നിർമ്മാണത്തിന് മുന്നിട്ടിറങ്ങിയതോടെ നാട്ടുകാർ പിന്തുണയുമായെത്തി. ഭൂ ഉടമകൾ സൗജന്യമായി ഭൂമി വിട്ടുനൽകാൻ തയാറായതോടെയാണ് റോഡ് നിർമ്മാണത്തിന് ജീവൻ വെച്ചത്. നിർമ്മാണ ജോലികൾ തുടങ്ങിയതോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മറ്റ് അംഗങ്ങളും സ്ഥലം സന്ദർശിച്ചു.

റോഡിന്റെ വീതി 3 മീറ്റർ

തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ 1,16 വാർഡുകളിൽ ഉൾപ്പെടുന്നതാണ് പുതിയ റോഡ്

തടസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് കണക്ക്കൂട്ടൽ

വള്ളക്കടവ് ഭാഗംവരെ റോഡ് എത്തിക്കാനാണ് നിലവിലെ ശ്രമം. എന്നാൽ രണ്ട് പുരയിടങ്ങളുടെ ഉടമകൾ സ്ഥലം വിട്ട് നൽകാൻ തടസം പറഞ്ഞിട്ടുണ്ട്. ഇതിന് പുറമേ വാഴയിൽമുക്ക് ഭാഗത്ത് ഒരു ഭൂ ഉടമ കൂടി തടസം ഉന്നയിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലിത് ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

നാടിന് ഏറെ ഗുണകരം

അഷ്ടമുടിക്കായലിന്റെ തീരഭാഗത്തുകൂടി ഒരു റോഡ് വരുന്നത് നാടിന് ഏറെ ഗുണം ചെയ്യും. തീരദേശത്തുകൂടി പ്രധാന റോഡ് നിർമ്മിച്ച ശേഷം ഇടറോഡുകളും നിർമ്മിക്കും. മേഖലയിലെ എല്ലാ വീടുകളിലേയ്ക്കും വാഹനങ്ങൾ കടന്നുചെല്ലുന്ന വഴി നിർമ്മിക്കുകയാണ് ലക്ഷ്യം. മണ്ണ്റോഡ് നിർമ്മിച്ച ശേഷം സർക്കാർ ഏജൻസികളിൽ നിന്ന് തുക അനുവദിപ്പിച്ച് ടാറിംഗ് ഉൾപ്പടെയുള്ളവ നടത്തും.

വള്ളക്കടവുവരെ റോഡ് നിർമ്മിക്കുന്നതോടെ ഈ പ്രദേശത്തുള്ളവരുടെ യാത്രാബുദ്ധിമുട്ടുകൾക്ക് ഒരു പരിധി വരെ പരിഹാരമാവും. ഒപ്പം അഷ്ടമുടിയുടെ കായൽടൂറിസം സാദ്ധ്യതകൾക്കും ഇത് ഗുണംചെയ്യും.