kodiyeri-balakrishnan

കൊല്ലം: കാസർകോട് ഇരട്ടക്കൊലക്കേസ് പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിയുടെ അറിവോടെയല്ല ആ കൊലപാതകങ്ങൾ. സി.പി.എം പ്രവർത്തകർക്ക് സംഭവത്തിൽ പങ്കുണ്ടെങ്കിൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും എൽ.ഡി.എഫിന്റെ കേരള സംരക്ഷണയാത്രയുടെ ഭാഗമായി കൊല്ലത്തു നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പാർട്ടിയാണ് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് കേസിൽ പിടിയിലായ ആൾക്കെതിരെ കാസർകോട് ജില്ലാ കമ്മറ്റി നടപടിയെടുത്തത്.

കൊലപാതക രാഷ്ട്രീയത്തിനിരയായി സി.പി.എമ്മിന് 700 ഓളം പ്രവർത്തകരെയാണ് നഷ്ടപ്പെട്ടത്. ഇതിൽ 236പേരെ കൊന്നത് ആർ.എസ്.എസ്സുകാരാണ്. ബാക്കിയുള്ളവരിൽ ബഹുഭൂരിപക്ഷത്തെയും കൊലപ്പെടുത്തിയത് കോൺഗ്രസ്. കാസർകോട് ചീമേനിയിൽ അഞ്ച് സി.പി.എം പ്രവർത്തകരെ തീയിട്ടു കൊന്നത് മറക്കരുത്. പൊലീസിനെ ഉപയോഗിച്ച് കോൺഗ്രസുകാർ കൂത്തുപറമ്പിൽ അഞ്ചുപേരെ വെടിവച്ചുകൊന്നു. 'വരമ്പത്ത് കൂലി' എന്ന തന്റെ പ്രയോഗം ആലങ്കാരികമായിരുന്നു.

ഹർത്താലിനെതിരെ നിയമസഭയിൽ ബില്ല് കൊണ്ടുവന്നവരാണ് ഹർത്താൽ നടത്തിയത്. യു.ഡി.എഫിന്റെ പറച്ചിലും പ്രവൃത്തിയും രണ്ടാണ്. ഹർത്താലിനെതിരെ നിലപാടെടുക്കാൻ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 കുഞ്ഞനന്തന് ടി.പി

കേസുമായി ബന്ധമില്ല

ടി.പി വധക്കേസിൽ കുഞ്ഞനന്തനെ തെറ്റായി പ്രതിചേർത്തതാണെന്നും അദ്ദേഹത്തിന് സംഭവവുമായി ബന്ധമില്ലെന്നും കോടിയേരി പറഞ്ഞു. കുഞ്ഞനന്തനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. സംഭവവുമായി ബന്ധമുള്ളവരെ പ്രതിയാക്കാം. കുഞ്ഞനന്തന് സംഭവവുമായി ബന്ധമില്ലെന്ന കാര്യം പാർട്ടിക്ക് ബോദ്ധ്യമുണ്ട്. യു.ഡി.എഫ് സർക്കാർ അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു. കൊടി സുനി പാർട്ടി അംഗമല്ല. പേരിന് മുന്നിൽ കൊടി എന്നുള്ളതുകൊണ്ട് പാർട്ടി പ്രവർത്തകനാകില്ലെന്നും കോടിയേരി പറഞ്ഞു.