കുണ്ടറ: വർഷങ്ങളായുള്ള ജനങ്ങളുടെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ 2.38 കോടി രൂപ അനുവദിച്ചതിനെ തുടർന്ന് മുളവന പരുത്തൻപാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടെ നിയമസഭാ - പാർലമെന്റ് മണ്ഡലങ്ങളെ വേർതിരിക്കുന്ന റോഡായതിനാൽ വർഷങ്ങളായി ജനപ്രതിനിധികൾ ഈ റോഡിന്റെ ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മൂന്നര മീറ്റർ വീതിയുള്ള പഞ്ചായത്ത് റോഡിൽ അഞ്ചര മീറ്റർ വീതിയിൽ ബി.എം.ബി.സി ലെവലിലാണ് നിർമ്മാണപ്രവർത്തനം തുടങ്ങിയത്. നിർമ്മാണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റോഡിന്റെ വീതികൂട്ടൽ പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. റോഡിന്റെ നിർമ്മാണം പൂർത്തിയായാൽ ഭരണിക്കാവ് ഭാഗത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾക്ക് കുണ്ടറ പള്ളിമുക്കിലെ റെയിൽവേ ഗേറ്റിന്റെ തടസം കൂടാതെ ചീരങ്കാവ് വഴി കൊട്ടാരക്കരയ്ക്ക് പോകാം. ഇതിന് പുറമേ കൊല്ലം - തേനി ദേശീയപാതയുമായി ബന്ധിപ്പിച്ച് ലിങ്ക് റോഡ് ആക്കാനും പദ്ധതിയുണ്ട്.
പൊടി ശല്യം രൂക്ഷം
റോഡിന്റെ ഇരുവശങ്ങളും വീതി കൂട്ടുന്നതിന്റെ ഭാഗമായി കുഴിയെടുത്ത് മെറ്റൽ ഇട്ടിരിക്കുന്നതിനാൽ പ്രദേശത്തെ പൊടിശല്യം രൂക്ഷമാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് ഇത് മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. എതിരെ ഒരു വലിയ വാഹനം കടന്നുവന്നാൽ റോഡിന്റെ സൈഡിൽ നിരത്തിയിരിക്കുന്ന മെറ്റലിൽ വീണ് അപകടമുണ്ടാകുന്നത് സ്ഥിരം കാഴ്ചയാണ്.
നാട്ടുകാരുടെ ആശങ്ക
വെള്ളക്കെട്ടുള്ള ഭാഗത്ത് കലുങ്കുകൾ നിർമ്മിച്ച് പലഭാഗങ്ങളിലും റോഡിനെ ഉയർത്തി മുഴുവൻ നിർമ്മാണപ്രവർത്തനങ്ങളും പൂർത്തിയാക്കാൻ ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നിർമ്മാണപ്രവർത്തനം വൈകുന്നതിന്റെ പ്രധാനകാരണം കരാറുകാരന്റെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്വകാര്യ ബസ് സർവീസ് ഉൾപ്പെടെ ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
നിർമ്മാണപ്രവർത്തനം പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും.
സതീഷ് കുമാർ ഉണ്ണിത്താൻ (വാർഡ് മെമ്പർ)
ഉടൻ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും. പൊടിശല്യം മാറ്റാനായുള്ള നടപടിയും സ്വീകരിക്കും.
കീർത്തി (എ. ഈ, പി.ഡബ്ല്യു.ഡി കുണ്ടറ).