കുണ്ടറ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ കുണ്ടറയിൽ പൂർണം. രാവിലെ കെ.എസ്.ആർ.ടി.സി ബസുകൾ ഏതാനും ഒറ്റപ്പെട്ട സർവീസുകൾ മാത്രമേ നടത്തിയുള്ളൂ. സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ തീരെ കുറവായിരുന്നു. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞ് കിടന്നു. ചിലയിടങ്ങളിൽ കടകൾ തുറന്നെങ്കിലും ഹർത്താലനുകൂലികൾ നിർബന്ധിപ്പിച്ച് അടപ്പിച്ചു. കുണ്ടറ മിനി സിവിൽ സ്റ്റേഷനിൽ ചില ജീവനക്കാരെത്തിയെങ്കിലും ഓഫീസുകൾ ഹർത്താലനുകൂലികൾ അടപ്പിച്ചു. എസ്.ബി.ഐ, കെ.എസ്.എഫ്.ഇ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ രാവിലെ തന്നെ അടപ്പിച്ചു. ചന്ദനത്തോപ്പ്, കേരളപുരം, കുണ്ടറ എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. കോൺഗ്രസ് കുണ്ടറ ഇളമ്പള്ളൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അശുപത്രിമുക്കിൽ നിന്നാരംഭിച്ച പ്രകടനം മുക്കടയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റുമാരായ കെ.വൈ. ലാലൻ, വിളവീട്ടിൽ മുരളി, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺഗ്രസ്- മഹിളാ കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ പ്രകടനത്തിൽ പങ്കെടുത്തു. കിഴക്കേ കല്ലട, ചിറ്റുമല കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് കോൺഗ്രസ് കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലട, കോൺഗ്രസ് ചിറ്റുമല മണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ പുത്തേഴത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീനാഥ്, കല്ലട വിജയൻ, നകുലരാജൻ, രാജു ലോറൻസ്, സൈമൺ വർഗീസ്, പ്രകാശ് വർഗീസ്, പാപ്പച്ചൻ, സുനിൽ എന്നിവർ നേതൃത്വം നൽകി.