narendra-modi

കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കർഷക‌ർക്ക് കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച 6000 രൂപയുടെ ധനസഹായത്തിന് അർഹതയുള്ള കർഷകരെ കണ്ടെത്താൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നെട്ടോട്ടമോടുന്നു. "പ്രധാൻമന്ത്റി കിസാൻ സമ്മാൻ നിധി" എന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്ന 24ന് തന്നെ ആദ്യഗഡുവായ 2000 രൂപ ഓരോ കർഷകന്റെയും ബാങ്ക് അക്കൗണ്ടിൽ നേരിട്ടെത്തും.

നാളെയാണ് (ബുധൻ) ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന ദിവസം. ലിസ്റ്റ് തയ്യാറാക്കണമെന്ന സർക്കാർ ഉത്തരവ് വൈകിയതാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്. അവധിദിനമായ ഞായറാഴ്ചയും കൃഷിഭവനുകൾ പ്രവർത്തിപ്പിച്ചാണ് കർഷകരെ ചേ‌ർത്തത്.

ഫെബ്രുവരി ഒന്നിന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിച്ച ബഡ്ജറ്റിലെ പ്രഖ്യാപനം അനുസരിച്ച് കർഷക‌ർക്ക് പ്രധാൻമന്ത്റി കിസാൻ സമ്മാൻ നിധി വഴി നാല് മാസത്തിലൊരിയ്ക്കൽ 2000രൂപ വീതം മൂന്നു തുല്യ ഗഡുക്കളായി അക്കൗണ്ടിൽ നേരിട്ട് ലഭിക്കുന്നതാണ് പദ്ധതി.

വെട്ടിലായത് ഇങ്ങനെ

സംസ്ഥാനത്തെ കൃഷിഭവനുകളാണ് അർഹരായ കർഷകരുടെ പട്ടിക തയ്യാറാക്കി നൽകേണ്ടത്. ശനിയാഴ്ച വൈകിട്ടാണ് സർക്കാർ ഉത്തരവിറങ്ങിയത്. ഇന്നലെ ഹർത്താൽ പ്രഖ്യാപിച്ചതിനാൽ പലയിടത്തും ഓഫീസുകൾ തുറക്കാനായില്ല. ഇന്നും നാളെയുമായി പട്ടിക തയ്യാറാക്കാനുള്ള നെട്ടോട്ടത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ.

അർഹതയുള്ളവർ

അഞ്ചേക്കറിൽ താഴെ കൃഷി ഭൂമിയുള്ള കർഷകൻ, ഭാര്യ, അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവർ ഉൾപ്പെടുന്ന കുടുംബത്തിനാണ് അർഹത.

ചെറുകിട നാമമാത്ര കുടുംബത്തിലെ കർഷകൻ അപേക്ഷയോടൊപ്പം കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ഗൃഹനാഥന്റെയും കുടുംബാംഗങ്ങളുടെയും പേരും വിവരവും അടങ്ങിയ റേഷൻ കാർഡ് പേജ്, ആധാർ കാർഡിന്റെയോ മ​റ്റേതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖയുടേയോ പകർപ്പുകൾ സമർപ്പിക്കണം.

ഇവർക്ക് ലഭിക്കില്ല

സ്വന്തമായി അഞ്ചേക്കറിൽ കൂടുതൽ വസ്തു ഉള്ളവർ, കേന്ദ്രസംസ്ഥാന സർക്കാർ ഭരണഘടനാ ഓട്ടോണമസ് സ്ഥാപനങ്ങളിൽ മുമ്പോ നിലവിലോ ജോലി ചെയ്യുന്നവർ (ക്ലാസ് 4 ഗ്രൂപ്പ് ഡി ഒഴികെ), മന്ത്റിമാർ, മുൻമന്ത്രിമാർ, പാർലമെന്റ് സഭകളിലെയും നിയമസഭയിലെയും അംഗങ്ങൾ, ലെജിസ്ലേ​റ്റീവ് കൗൺസിൽ അംഗങ്ങൾ, മേയർ, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷർ, കേന്ദ്ര സംസ്ഥാന സർക്കാർ ഓട്ടോണമസ് സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച് 10,000 രൂപ മുതൽ പെൻഷനുള്ളവർ (ക്ലാസ് 4 ഗ്രൂപ്പ് ഡി ഒഴികെ), അവസാന അസസ്‌മെന്റ് വർഷം നികുതി അടച്ചവർ.

'ബുധനാഴ്ചയ്ക്കകം പരമാവധി കർഷകരെ ചേർക്കാനാണ് ശ്രമം. ഞായറാഴ്ചയും ഹർത്താൽ ദിനമായ ഇന്നലെയും കൃഷിഭവനുകൾ ഇതിനായി പ്രവർത്തിച്ചു."

എസ്.അനിൽകുമാർ, കൃഷി ഡയറക്ടറുടെ ടെക്നിക്കൽ അസിസ്റ്റന്റ്