photo
കൈക്കുളങ്ങര ഡിവിഷനിലെ കല്ലേലിവയൽ കോളനിയിലെ ഫ്ളാറ്റുകൾ

കൊല്ലം: സർക്കാരിന്റെ ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയിലൂടെ തീരദേശത്തെ കൈക്കുളങ്ങര ഡിവിഷനിൽ സമ്പൂർണ ഭവനപദ്ധതി പൂർത്തീകരണത്തിലേയ്ക്ക്. കോർപ്പറേഷനിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് വീട് നൽകിയതും ഇവിടെയാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 140 വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. മാർച്ച് അവസാനത്തോടെ 30 വീടുകൾ കൂടി പൂർത്തിയാകുമ്പോൾ ഡിവിഷനിൽ സമ്പൂർണ ഭവന പദ്ധതി നടപ്പാകും. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാനത്ത് ഏറ്റവുമധികം വീടുകൾ നിർമ്മിച്ച് നൽകിയ തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന അംഗീകാരം കൊല്ലം കോർപ്പറേഷൻ സ്വന്തമാക്കാനൊരുങ്ങുമ്പോഴാണ് കൈക്കുളങ്ങര ഡിവിഷൻ ഇതിന്റെ തിലകക്കുറിയണിയുന്നത്. പദ്ധതി പൂർത്തീകരിച്ച് താക്കോൽ കൈമാറുന്ന ചടങ്ങ് വലിയ ആഘോഷമാക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.

ഫ്ളാറ്റുകളും ഒറ്റവീടുകളും

കൈക്കുളങ്ങര ഡിവിഷനിൽ വീടില്ലാത്ത കുടുംബങ്ങൾക്കെല്ലാം വീടൊരുക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. ഭൂമി സ്വന്തമായില്ലാത്തവരും ഇക്കൂട്ടത്തിൽപ്പെടും. കല്ലേലിവയൽ കോളനിയിലും നിർമ്മിതികേന്ദ്രം കോളനിയിലുമായിട്ടാണ് ഫ്ളാറ്റുകൾ നിർമ്മിച്ചത്. നാല് വീടുകൾ ചേരുന്നതാണ് ഒരു ഫ്ളാറ്റ്. 63 വീടുകൾ നിർമ്മിതി കേന്ദ്രം കോളനിയിലും 56 വീടുകൾ കല്ലേലിവയൽ കോളനിയിലും നിർമ്മിച്ചു. നേരത്തേ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഫ്ളാറ്റ്, വീട് നിർമ്മാണം പാതിവഴിയിൽ മുടങ്ങിപ്പോയവർക്കും ലൈഫ് പദ്ധതി അനുഗ്രഹമായി. മതിയായ സൗകര്യങ്ങളുള്ള വീടുകളാണ് ഓരോരുത്തരും നിർമ്മിച്ചത്. സർക്കാർ സഹായമെന്ന നിലയിൽ 4 ലക്ഷം രൂപ ഓരോരുത്തർക്കും ലഭിച്ചു. സ്വന്തം നിലയിൽ ബാക്കി തുക കൂടി കണ്ടെത്തിയവർ മെച്ചപ്പെട്ട ഭവനങ്ങൾ നിർമ്മിച്ചു. ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായം കൂടി ഇതിനൊപ്പം ലഭിച്ചത് കൂടുതൽ സഹായകരമായി. തീപിടിത്തത്തിൽ നശിച്ചുപോയ വീടുകളും നിർമ്മിതികേന്ദ്രം കോളനിയിലുണ്ടായിരുന്നു. ചെറിയ കൂരകളായിരുന്നു ചിലത്. ഇവയെല്ലാം മാറ്റിയാണ് മതിയായ സൗകര്യങ്ങളുള്ള വീടുകളും ഫ്ളാറ്റുകളുമായി മാറ്റിയത്. സ്വന്തമായി സ്ഥലമുള്ളവർക്ക് പഴയ വീട് പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കാനും പദ്ധതിവഴി കഴിഞ്ഞു. സർക്കാർ സഹായത്താൽ മുൻപ് വീടുപണി തുടങ്ങിയെങ്കിലും നിർമ്മാണം പാതിവഴിയിൽ നിറുത്തേണ്ടിവന്നവരൊക്കെ പുതിയ വീടുകളിലേയ്ക്ക് താമസം മാറ്റുന്നതിന്റെ സന്തോഷത്തിലാണ്. താക്കോൽ കൈമാറ്റച്ചടങ്ങ് നടത്തും മുമ്പേ ചിലർക്ക് വീടുകളിൽ താമസം തുടങ്ങേണ്ടി വന്നിട്ടുണ്ട്.

ലൈഫ് പദ്ധതി ഒരുപാട് കുടുംബങ്ങളുടെ ജീവിതത്തിന് സന്തോഷം നൽകി. ഇവിടെ ചെറിയ കൂരകളിൽ വീർപ്പുമുട്ടി കഴിഞ്ഞവർക്കും പേരിന് പോലും വീടില്ലാത്തവർക്കും വീട് നൽകാൻ ലൈഫ് മിഷൻ പദ്ധതിവഴി കഴിഞ്ഞു. ഫലത്തിൽ സമ്പൂർണ ഭവനപദ്ധതിയായി ഇത് മാറി. 30 വീടുകൾ കൂടി പൂർത്തിയാക്കാനുണ്ട്. മാർച്ച് മാസത്തിൽ അതും പൂർത്തീകരിക്കും.

(ഷീബ ആന്റണി, കൗൺസിലർ, കൈക്കുളങ്ങര ഡിവിഷൻ)

കോർപ്പറേഷനിൽ ആകെ പൂർത്തിയായത്​ 1039 വീടുകൾ

300 വീടുകൾ കൂടി ഈ മാർച്ച് മാസത്തിൽ പൂർത്തിയാകും