ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിലെ പോളച്ചിറയിൽ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ അനധികൃതമായി ചെളിനീക്കി കുളം കുഴിക്കുന്നത് നാട്ടുകാർ തടഞ്ഞു. ഇന്നലെ ഉച്ചയോടെ ഏലാ പ്രദേശത്ത് ഹിറ്റാച്ചി ഉപയോഗിച്ച് ചെളി നീക്കുന്നത് കണ്ട പ്രദേശവാസികളാണ് കുളം കുഴിക്കുന്നത് തടഞ്ഞത്. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി രേഖകൾ ആവശ്യപ്പെട്ടെങ്കിലും മതിയായ രേഖകൾ നൽകാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ഹിറ്റാച്ചി പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റാനാവശ്യപ്പെട്ടു. എന്നാൽ ഹർത്താലായതിനാൽ ഹിറ്റാച്ചി കൊണ്ട് പോകാൻ ലോറി കിട്ടാത്ത അവസ്ഥയിൽ നാളെ സ്റ്റേഷനിലെത്തിക്കാം എന്ന ഉറപ്പിൽ പൊലീസ് തിരികെ പോവുകയായിരുന്നു. മുൻപ് ഈ പ്രദേശത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ചെളി നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ ഏലായിൽ നെൽക്കൃഷി നടക്കുന്ന സമയത്ത് പുതുതായി കുളം കുഴിക്കാൻ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അധികൃതർ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശ വാസികളുടെ ആവശ്യം.