palam

പുനലൂർ: ചരിത്ര സ്മാരകമായ പുനലൂരിലെ തൂക്കുപാലത്തിന്റെ നവീകരണ ജോലികൾ അന്തിമഘട്ടത്തിൽ. നവീകരണം പൂർത്തിയാക്കി 26ന് നാടിന് സമർപ്പിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സ്ഥലം എം.എൽ.എആയ മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കും.

പാലത്തിലേക്കുള്ള പ്രവേശനം ഇതുവരെ സൗജന്യമായിരുന്നു. ഇനി മുതൽ ചെറിയ തുക ഈടാക്കും. ഇതിനായി സെക്യൂരിറ്റി മുറിയും, ടിക്കറ്റ് കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാന പുരാവസ്തു വകുപ്പിൻെറ നിയന്ത്രണത്തിലുളള

പാലത്തിന്റെ നവീകരണം അഞ്ചു മാസം മുമ്പാണ് ആരംഭിച്ചത്. മൂന്നു വർഷം മുമ്പ് പുനരുദ്ധരിച്ച പാലം 1.30കോടിയോളം രൂപ ചെലവഴിച്ചാണ് ഇപ്പോൾ നവീകരിക്കുന്നത്. വിദേശികൾ അടക്കമുള്ള വിനോദസഞ്ചാരികൾ എത്താറുണ്ടെങ്കിലും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇല്ലായിരുന്നു. ഇത് കണക്കിലെടുത്താണ് രണ്ടാംഘട്ട നവീകരണം തുടങ്ങിയത്. എന്നാൽ, നിലവിലെ ചെറിയ പാർക്കിന് പുറമെ രണ്ടുകരകളിലും ആധുനിക രീതിയിലുള്ള പൂന്തോട്ടം പണിയുമെന്ന വാഗ്ദാനം പാലിച്ചിട്ടില്ല. പാലം താൽക്കാലികമായി അടച്ചിട്ടിരിക്കുന്നതിനാൽ സന്ദർശകർ സമീപത്തെ കോൺക്രീറ്റ് പാലത്തിൽ നിന്നു തൂക്ക് പാലത്തിൻെറ ഭംഗി ആസ്വദിച്ചു മടങ്ങുകയാണ്.

പുതിയ മുഖം

1.പാലത്തിലും രണ്ട് കരകളിലും 40ഓളം അലങ്കാര ലൈറ്റുകൾ

2.പാലം തൂക്കിയിട്ടിരിക്കുന്ന ചങ്ങലകൾ പെയിന്റ് ചെയ്തു

3.അപകടങ്ങൾ ഒഴിവാക്കൻ പുതിയ ഇരുമ്പ് വലകൾ 4.പാലത്തിന്റെ പ്രദലത്തിലെ ദ്രവിച്ച തമ്പക പലകകൾ മാറ്റി പുതിയത് സ്ഥാപിച്ചു. ഇവിടെ പുതിയ ഇരിപ്പിടങ്ങൾ ഒരുക്കുകയും ചെയ്തു.

5. പ്രധാന കവാടങ്ങളിൽ നിന്നു പാലത്തിലേക്ക് കയറുന്ന ഭാഗങ്ങളിൽ തറയോട് പാകി

ബ്രിട്ടീഷ് ശില്പചാതുരി

പുനലൂർ ടൗണിന്റെ മദ്ധ്യഭാഗത്തുകൂടി ഒഴുകുന്ന കല്ലട ആറിന് കുറുകെ 1877-ൽ ബ്രിട്ടീഷുകാരാണ് കരിങ്കല്ലിൽ നിർമ്മിച്ച രണ്ട് ആർച്ചുകളിൽ തൂക്കുപാലം പണിതത്. പാലം തൂക്കിയിട്ടിരിക്കുന്ന രണ്ട് ചങ്ങലകളും രണ്ട് കരകളിലുമായി നിർമ്മിച്ച നാല് കിണറുകളിലായി ബന്ധിപ്പിച്ചിരിക്കുന്നതാണ് കൗതുകക്കാഴ്ച.