snehatheeram
പുന്തലത്താഴം തെ​റ്റിച്ചിറയിൽ നിർമ്മിച്ച പുതിയ വീടിനു മുന്നിൽ ശ്രീദേവിയും ശ്രീലക്ഷ്മിയും

കൊല്ലം: അനാഥത്വത്തിന്റെ തീരാവേദനയിൽ നിന്ന് ശ്രീദേവിയും ശ്രീലക്ഷ്മിയും ഒടുവിൽ 'സ്നേഹതീര"മണയുന്നു. അടച്ചുറപ്പുള്ള വീടിന് വേണ്ടിയുള്ള രണ്ട് നിർദ്ധന വിദ്യാർത്ഥിനികളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ശ്രീദേവിയുടെയും കുണ്ടറ എം.ജി.ഡി ഗേൾസ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയായ സഹോദരി ശ്രീലക്ഷ്മിയുടെയും പ്രാർത്ഥനയാണ് സഫലമായത്.
മാതാപിതാക്കളും കുടുംബവും ഈ കുട്ടികൾക്ക് കണ്ണീരോർമ്മയാണ്. രണ്ടു വർഷം മുമ്പ് പേരൂരിലെ തെറ്റിച്ചിറയിൽ നടന്ന,​ നാടിനെ നടുക്കിയ ഒരു കൊലപാതകത്തിന്റെ ബാക്കിപത്രമാണ് ഈ കുഞ്ഞുങ്ങളുടെ ദൈന്യജീവിതം. ഇവരുടെ അമ്മ സിനിയെ കുടുംബവഴക്കിനെ തുടർന്ന് മദ്യപാനിയായ രണ്ടാനച്ഛൻ സതീശൻ കൊലപ്പെടുത്തുകയായിരുന്നു. സതീശൻ ജയിലിലായതോടെ ഇവർ തീർത്തും അനാഥരായി. പൊളിഞ്ഞു വീഴാറായ ഒരു കുടിലായിരുന്നു ആകെയുള്ള അഭയം. ശ്രീദേവി എം.ജി.ഡി സ്‌കൂളിൽ എസ്.എസ്.എൽ.സി വാർഷിക പരീക്ഷയ്ക്ക് തയാറെടുക്കവേയായിരുന്നു അമ്മ മരിച്ചത്. ഇതിനിടയിലും പതറാതെ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് മിടുക്കിയായ ശ്രീദേവി പത്താം ക്ലാസ് വിജയിച്ചത്. അമ്മയുടെ വിയോഗത്തോടെ ശ്രീദേവി വെൽഫെയർ ഹോമിലേയ്ക്കും ശ്രീലക്ഷ്മി അമ്മയുടെ സഹോദരിയുടെ വീട്ടിലേയ്ക്കും താമസം മാറി.

തുടർന്നാണ് എം.ജി.ഡി ഗേൾസ് സ്‌കൂളിലെ സഹപാഠികളും പി.ടി.എയും ചേർന്ന് ഇവർക്ക് വീട് വയ്ക്കാനായി മുന്നോട്ടുവന്നത്. പി.ടി.എ ഭാരവാഹികളായ സന്തോഷ്‌കുമാർ, സാബു ബെൻസിലി, പ്രിൻസിപ്പൽ അലക്‌സ് തോമസ്, അദ്ധ്യാപകരായ സൈജു, ജേക്കബ് ജോർജ്, തോമസ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ 4 ലക്ഷം രൂപയുമായി ഇടം വീട് പദ്ധതി മാതൃകയിൽ ചെലവുകുറഞ്ഞ വീടിനായി മന്ത്റി ജെ. മേഴ്‌സികുട്ടി അമ്മയെ സമീപിച്ചു. മന്ത്റിയുടെ അഭ്യർത്ഥനയനുസരിച്ച് ടി.കെ.എം എൻജി. കോളേജിന്റെ 'ബാക്ക് ടു ഹോം" പദ്ധതിയിൽപ്പെടുത്തി 40 ദിവസം കൊണ്ട് പുന്തലത്താഴം തെറ്റിച്ചിറയിൽ പുതിയ വീട് പൂർത്തീകരിച്ചു. കോളേജിലെ സിവിൽ, ആർക്കിടെക്ചർ വിഭാഗങ്ങളും എൻ.എസ്.എസ് യൂണി​റ്റിലെ വിദ്യാർത്ഥികളും സഹായഹസ്തവുമായെത്തി. രണ്ടു മുറികളും, ഡൈനിംഗ് ഹാളും അടുക്കളയും കുളിമുറിയും ഉൾപ്പടെ 500 ചതുരശ്ര അടിയുള്ള വീട് ഏഴു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. സഹപാഠികളുടെ സ്‌നേഹസ്പർശമുള്ള വീടിന് സ്‌നേഹതീരം എന്ന് പേരും നൽകി. അത്യാവശ്യം വേണ്ട വീട്ടുപകരണങ്ങൾ ടി.കെ.എം കോളേജിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയാണ് നൽകുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് മന്ത്റി ജെ. മേഴ്‌സിക്കുട്ടി അമ്മയും ടി.കെ.എം ട്രസ്​റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസ്ലിയാരും ചേർന്ന് വീടിന്റെ താക്കോൽ കൈമാറുമെന്ന് പ്രിൻസിപ്പൽ ഡോ. എസ്. അയൂബ് പറഞ്ഞു.