guruji

കൊല്ലം: ലക്ഷക്കണക്കിന് ഭക്തർക്ക് ദർശന പുണ്യവും ആനന്ദലഹരിയുമേകാൻ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ഇന്ന് നഗരത്തിലെത്തും. കൊല്ലം ആശ്രാമം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ സത്‌സംഗ് വേദിയിൽ അദ്ദേഹം അനുഗ്രഹ വചസുകൾ ചൊരിയും. ആറ് വർഷത്തിന് ശേഷമാണ് അദ്ദേഹം കൊല്ലത്തെത്തുന്നത്.

വൈകിട്ട് നാല് മണിയോടെ കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിലാകും ആശ്രാമം മൈതാനത്തെത്തുക. ഭക്തർ പൂർണകുംഭം നൽകി പുഷ്പഹാരം അണിയിച്ച് സ്വീകരിക്കും. രണ്ട് മണിക്കൂർ വിശ്രമത്തിന് ശേഷം ആറു മണിയോടെ ആശ്രാമം മൈതാനത്തെ കൂറ്റൻ സത്‌സംഗ് വേദിയിലെത്തും. മൂന്ന് മണിക്കൂർ അദ്ദേഹത്തിന്റെ പ്രഭാഷണമാണ്. പുരാതന സർവകലാശാലകളായ നളന്ദയുടെയും തക്ഷശിലയുടെയും മാതൃകയിൽ മനോഹരമായ സ്തൂപങ്ങളും ശില്പങ്ങളും കൊണ്ട് അയ്യായിരം ചതുരശ്രയടി വിസ്തീർണമുള്ള വേദിയാണ് സത്‌സംഗിനായി ഒരുക്കിയിരിക്കുന്നത്. ശ്രീ ശ്രീയുടെ അനുഗ്രഹത്തിനായി സദസ്സിലിരിക്കുന്നവരുടെ അടുത്തേക്ക് അദ്ദേഹത്തിനെത്താൻ 500 മീറ്റർ നീളത്തിൽ മൈതാനത്ത് റാമ്പ് ക്രമീകരിച്ചിട്ടുണ്ട്. തുറന്ന സദസിൽ അരലക്ഷം പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ. പ്രമുഖ ഗായകരടങ്ങുന്ന സംഘം സത്‌സംഗിന് നേതൃത്വം നൽകും. അദ്ദേഹം തോപ്പിൽകടവിലെ ജ്ഞാനക്ഷേത്രം സന്ദർശിക്കാനും സാദ്ധ്യതയുണ്ട്. രാത്രി കൊല്ലത്ത് വിശ്രമിച്ചശേഷം നാളെ രാവിലെ പയ്യോളി ആശ്രമത്തിലേക്ക് പോകും.