കരുനാഗപ്പള്ളി: ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് പുതിയകാവ് നെഞ്ച് രോഗാശുപത്രിയിലെത്തുന്ന രോഗികൾ വലയുന്നു. ആറ് പതിറ്റാണ്ടോളം പഴക്കമുള്ള ആശുപത്രി ആരംഭിച്ചപ്പോഴുള്ള സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ഡോക്ടർമാരും മറ്റ് ജീവനക്കാരുമാണ് ഇപ്പോഴുമുള്ളത്. പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് നിരവധി പ്രോജക്ടുകൾ ആരോഗ്യവകുപ്പ് നടപ്പാക്കുന്നുണ്ടെങ്കിലും കൂടുതൽ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഉച്ചയ്ക്ക് 2 മണിയോടെ ഒ.പി വിഭാഗം അടച്ച് കഴിഞ്ഞാൽ ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെ കാര്യം കഷ്ടത്തിലാകും. ഒരു നഴ്സിംഗ് അസിസ്റ്റന്റ് മാത്രമാണ് രാത്രിയിൽ 80 രോഗികളെ നോക്കുന്നത്. രാത്രിയിൽ എന്തെങ്കിലും അത്യാവശ്യമുണ്ടായാൽ ഡോക്ടർമാരെ വിളിച്ച് വരുത്താറാണ് പതിവ്. കൂടുതൽ ജീവനക്കാരെ നിയമിച്ചാൽ ആശുപത്രിയുടെ പ്രവർത്തനം 24 മണിക്കൂറാക്കി ഉയർത്താൻ കഴിയും. 2 ഡോക്ടർമാരുള്ള സ്ഥാനത്ത് 4 ഡോക്ടർമാരെ നിയമിക്കുകയും അനുബന്ധ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്താൽ കൂടുതൽ രോഗികൾക്ക് ചികിത്സ നൽകാനാവും. ആശുപത്രിയുടെ പ്രവർത്തനം 24 മണിക്കൂറായി ഉയർത്തണമെന്നും കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിരവധി നിവേദനങ്ങൾ ആരോഗ്യവകുപ്പിന്റെ പരിഗണനയിലുണ്ട്.
500 ഓളം രോഗികളാണ് ദിവസവും ചികിത്സ തേടിയെത്തുന്നത്
80 ന് മുകളിലാണ് ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെ എണ്ണം
50 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള കിടക്കകൾ മാത്രമേയുള്ളൂ
1960 ലാണ് പുതിയകാവിൽ ക്ഷയരോഗ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്
1992ലാണ് നെഞ്ച് രോഗാശുപത്രിയായി ഉയർത്തിയത്
2 ഡോക്ടർമാർ
6 നഴ്സുമാർ
6 നഴ്സിംഗ് അസിസ്റ്റന്റുമാർ
6 അറ്റൻഡർമാർ
ആശുപത്രിയുടെ പ്രവർത്തനം 24 മണിക്കൂറാക്കണം
നെഞ്ച് രോഗികൾ ചികിത്സയ്ക്കായി പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണിത്. അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ പണം ചെലവഴിക്കുകയും രോഗികൾക്ക് നല്ല ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. മരുന്നിനും ക്ഷാമമില്ല. എന്നാൽ ആശുപത്രിയുടെ പ്രവർത്തനം 24 മണിക്കൂറായി ഉയർത്തണം. ഇതിന് കൂടുതൽ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും സർക്കാർ നിയമിക്കണം.
അഡ്വ. ബി. ഗോപൻ, ഏകീകൃത ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി
നെഞ്ച് രോഗത്തിന് കിടത്തിച്ചികിത്സ
കൊല്ലം ജില്ലയിൽ നെഞ്ച് രോഗവുമായി വരുന്ന രോഗികളെ കിടത്തിച്ചികിത്സിക്കുന്ന ഏക ആശുപത്രിയാണിത്. ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്ന് പോലും ക്ഷയരോഗ ചികിത്സതേടി രോഗികളെത്താറുണ്ട്. എം.ഡി.ആർ ടി.ബി, എക്സ് ഡി.ആർ. ടി.ബി എന്നീ മാരകമായ രോഗത്തിനുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്.