പത്തനാപുരം : ബി.ജെ.പിക്ക് ബദലല്ല കോൺഗ്രസെന്നും ഡൽഹിയിലെത്തുമ്പോൾ കൈപ്പത്തി താമരയായി മാറുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള സംരക്ഷണ ജാഥയുടെ തെക്കൻ മേഖലാ ജാഥയ്ക്ക് പത്തനാപുരത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നിലപാട് ഒന്ന് തന്നെയാണ്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണ് കോടതി വിധി ഉണ്ടായത്. അത് സർക്കാർ പാലിച്ചു. പ്രളയദുരിതാശ്വാസത്തിനായി കോൺഗ്രസ് പിരിച്ച പണം പോലും എങ്ങുമെത്തിയില്ലെന്നും കോടിയേരി വ്യക്തമാക്കി. പൊതുസമ്മേളനത്തിൽ സംഘാടകസമിതി പ്രസിഡന്റ് ബി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കാർഗിൽ യുദ്ധത്തിൽ മരിച്ച സജീവ് ഗോപാലപിള്ളയുടെ മാതാവ് കുട്ടി അമ്മയെ ചടങ്ങിൽ ആദരിച്ചു. ജാഥാംഗങ്ങളായ അഡ്വ. കെ. പ്രകാശ് ബാബു, അഡ്വ. സതീദേവീ, രഞ്ചിനി, രാജൻ മാസ്റ്റർ, ബാബു തോമസ്, വർഗീസ്, കാസീം ഇരിക്കൂർ, മാത്യു, കെ.ബി. ഗണേഷ് കുമാർ എം.എൽ.എ, സോമപ്രസാദ് എം.പി, കെ.എൻ. ബാലഗോപാൽ എം.പി, അഡ്വ. എസ്. വേണുഗോപാൽ, എസ്. ജയമോഹൻ, കെ. രാജഗോപാൽ, എസ്. സുദേവൻ, ആശാ ശശിധരൻ, ബിജു കെ. മാത്യു, എൻ. ജഗദീശൻ, കെ. വാസുദേവൻ, എം. മീരാപിള്ള എന്നിവർ സംസാരിച്ചു.