പുനലൂർ: കാസർകോട് ഇരട്ടക്കൊല പാർട്ടിയുടെ അറിവോടെയാണെന്ന് പ്രതി എ. പീതാംബരന്റെ ഭാര്യ മഞ്ജു പറഞ്ഞതു തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അവർ പറഞ്ഞത് പീതാംബരൻ പറഞ്ഞു പറയിച്ചതാകാം. ചെയ്യുന്നയാൾ പാർട്ടിയുടെ തീരുമാനമാണെന്നു പറഞ്ഞ് ചെയ്യും. കുടുംബത്തിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും സംഭവം നടന്നത്. ആ ധാരണയിൽ പാർട്ടിക്കു പങ്കില്ല- എൽ.ഡി.എഫ് കേരള സംരക്ഷണ യാത്രയ്‌ക്കിടെ പുനലൂരിൽ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു.

"ചെയ്യുന്നയാൾ വിചാരിക്കുന്നത് അയാളാണ് പാർട്ടിയെന്നാണ്. അതല്ല പാർട്ടി. ഒരാൾ പാർട്ടി ആണെന്നു പറഞ്ഞ് എന്തെങ്കിലും ചെയ്താൽ പാർട്ടി നിലപാടാകില്ല. കാസർകോട്ട് നടന്നത് പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നു ലോക്കൽ കമ്മി​റ്റിയും ഏരിയാ കമ്മി​റ്റിയും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്ക് അങ്ങനെയൊരു ആലോചനയില്ലായിരുന്നു." കോടിയേരി വിശദീകരിച്ചു.

പാർട്ടി നിലപാട് അംഗീകരിക്കാനാവില്ലെന്ന പീതാംബരന്റെ ഭാര്യയുടെ അഭിപ്രായം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവർ അംഗീകരിക്കണമെന്നില്ല എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സംഭവത്തിൽപ്പെട്ട ആളുകൾ സ്വാഭാവികമായും അങ്ങനെയല്ലേ പറയൂ. പെട്ടു പോയതിലെ വിഷമം കാരണമുള്ള അഭിപ്രായപ്രകടനം മാത്രമായി കണ്ടാൽ മതിയെന്നും അദ്ദേഹം തുടർന്നു.