adu
ഉപ്പുകുഴിയിൽ പുലി കടിച്ച് കൊന്ന ആട്.

പുനലൂർ: തെന്മല പഞ്ചായത്തിലെ ചാലിയക്കരയ്ക്ക് സമീപത്തെ ഉപ്പുകുഴി ജനവാസ മേഖലയിൽ ഇറങ്ങിയ പുലി ആടിനെ കടിച്ച് കൊന്നു. വനം വകുപ്പിലെ വാച്ചറായ ഉപ്പുകുഴി കമ്പി ലൈനിൽ ജോയിയുടെ രണ്ടര വയസുള്ള ആടിനെയാണ് പുലി കടിച്ച് കൊന്നത്. ഇന്നലെ വൈകിട്ട് ആറിന് വീടിന് സമീപത്ത് കെട്ടിയിരുന്ന ആടിനെ കടിച്ച് കൊന്ന പുലി അര മണിക്കൂറോളം വീട്ടു മുറ്റത്ത് നിന്നു. നാട്ടുകാരെ കണ്ടതോടെയാണ് പുലി വനത്തിലേയ്ക്ക് പോയത്. ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ദിലീപിന്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഇന്ന് മൃഗ ഡോക്ടർ എത്തി പോസ്റ്റ്മോർട്ടം നടത്തും. തുടർന്ന് ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഒാഫീസർ അറിയിച്ചു. രണ്ട് മാസം മുമ്പ് പട്ടാപ്പകൽ ഇറങ്ങിയ പുലി ഗർഭിണിയായ പശുവിനെ കടിച്ച് കൊന്നിരുന്നു. ജനവാസ മേഖലയിൽ പുലിശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിലാണ്.