കൊല്ലം: ഗുരുദർശനം ഉൾക്കൊണ്ടാൽ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടാകില്ലെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നവോത്ഥാന സാംസ്‌കാരിക സമുച്ചയ പദ്ധതിയുടെ സംസ്ഥാനതല നിർമ്മാണോദ്ഘാടനവും ശ്രീനാരായണഗുരു സമുച്ചയ ശിലാസ്ഥാപനവും കൊല്ലം ആശ്രാമത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'ഒരു പീഡ എറുമ്പിനും വരുത്തരുതെ'ന്നാണ് ഗുരു അനുകമ്പാദശകത്തിൽ പറഞ്ഞിട്ടുള്ളത്. ഇതിന്റെ പൊരുൾ എല്ലാവരും ഉൾക്കൊള്ളണം. അക്രമങ്ങൾ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്യുന്ന ഭരണഘടനയുടെ അന്തഃസത്ത മനസിലാക്കിയിരുന്നുവെങ്കിൽ രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരിൽ ചോരപ്പുഴ ഒഴുക്കില്ലായിരുന്നു.
രാഷ്ട്രീയ കൊലപാതകങ്ങൾ ജനാധിപത്യ വിരുദ്ധമാണ്. കേരളത്തിൽ സാമൂഹ്യമാറ്റത്തിന് തുടക്കംകുറിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് നിസംശയം പറയാം. വിവിധ രംഗങ്ങളിൽ കേരളം മാതൃകയായതും ഈ നവോത്ഥാന ആശയങ്ങളുടെ കരുത്തിലാണ്. രാജ്യത്തെ മറ്റ് പല നവോത്ഥാന നായകന്മാരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു ഗുരു. സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം ഗുരു അവ പ്രാവർത്തികമാക്കിയെന്നും ഗവർണർ പറഞ്ഞു.
അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും വേലിക്കെട്ടുകളിൽ ജനങ്ങളെ തളയ്ക്കാൻ ആചാരസംരക്ഷണത്തിന്റെ പേരിൽ ചിലർ നടത്തുന്ന ശ്രമങ്ങളെ കാണാതിരുന്നുകൂടായെന്നും അവർക്കുള്ള മറുപടിയാണ് സാംസ്‌കാരിക വകുപ്പിന്റെ പ്രവർത്തനമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി എ.കെ. ബാലൻ പറഞ്ഞു. 14 ജില്ലകളിലും നവോത്ഥാന നായകന്മാരുടെ പേരിൽ സമുച്ചയം നിർമ്മിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ കൊല്ലത്തിനു പുറമേ കാസർകോട്ടും പാലക്കാട്ടുമാണ് സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. വിശദ രൂപരേഖയും ടെൻഡർ നടപടികളും പൂർത്തിയായി. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സമുച്ചയത്തിനു 44.41 കോടി രൂപയാണ് ചെലവെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജെ.മേഴ്‌സിക്കുട്ടിഅമ്മ, എം. മുകേഷ് എം.എൽ.എ, മേയർ വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ടി.ആർ. സദാശിവൻ നായർ, ഹണി ബെഞ്ചമിൻ എന്നിവർ പ്രസംഗിച്ചു. ആശ്രാമത്തെ കുട്ടികളുടെ പാർക്കിനു സമീപം 3.5 ഏക്കർ സ്ഥലത്താണ് 91,000 ചതുരശ്ര അടി വിസ്തീർണമുള്ള സമുച്ചയം നിർമ്മിക്കുന്നത്.