photo
ജലജയുടെയും ആര്യയുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യചുംബനം നൽകുന്ന ആര്യയുടെ ഭർത്താവ് ശ്രീജിത്തും മകൻ അദ്വൈതും

കൊല്ലം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോകവെ വാഹനാപകടത്തിൽ മരിച്ച അമ്മയ്ക്കും മകൾക്കും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ആശ്രാമം കാവടിപ്പുറം നഗർ 64 കാവടി കിഴക്കേതിൽ വയലിൽ പുത്തൻവീട്ടിൽ ജലജയും(51), മകൾ ആര്യയും (27) ബുധനാഴ്ച രാവിലെ ആറ് മണിയോടെ കൊല്ലം-കണ്ണനല്ലൂർ റോഡിൽ ഭാരതരാജ്ഞി പള്ളിക്ക് മുന്നിൽ സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് മരിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിച്ചത്. മരണവാർത്ത അറിഞ്ഞതുമുതൽ വിങ്ങിപ്പൊട്ടി നിന്നവർ മൃതദേഹങ്ങൾ എത്തിയതോടെ നിയന്ത്രണം വിട്ട് അലമുറയിട്ടു. വൻ ജനാവലിയാണ് ഇവരെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്.

ആര്യയുടെ ഭർത്താവ് ശ്രീജിത്ത് രാവിലെ മസ്കറ്റിൽ നിന്നെത്തിയിരുന്നു. മകൻ അദ്വൈതിനെ നെഞ്ചോട് ചേർത്ത് ശ്രീജിത്ത് ആര്യയ്ക്ക് അന്ത്യചുംബനം നൽകിയത് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. മേയർ വി. രാജേന്ദ്രബാബു, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ എന്നിവരടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ഉച്ചവരെ വീട്ടുവളപ്പിൽ പൊതുദർശനത്തിന് വച്ചശേഷം മൃതദേഹങ്ങൾ പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു.